ന്യൂഡൽഹി: അധികാരത്തിലെത്തിയതിന് ശേഷം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ നടപ്പിലാക്കിയ പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്കാരങ്ങളിലൊന്നാണ് ജി.എസ്.ടി. സംസ്ഥാനങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം ഉൾപ്പടെ ഒഴിവാക്കി രാജ്യത്ത് ജി.എസ്.ടി പൂർണതോതിൽ പ്രവർത്തനക്ഷമമാകാനുള്ള ഒരുക്കത്തിലാണ്. എന്നാൽ, കേരളം, പശ്ചിമബംഗാൾ, ഛത്തീസ്ഗഢ്, തമിഴ്നാട് പോലുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നഷ്ടപരിഹാരം നിർത്തരുതെന്ന അഭിപ്രായക്കാരാണ്.
ബിഹാർ പോലുള്ള എൻ.ഡി.എ സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇതേ അഭിപ്രായക്കാരാണ്. എന്നാൽ, സംസ്ഥാനങ്ങളുടെ പ്രതിഷേധം മാത്രമല്ല നിലവിൽ ജി.എസ്.ടി കൗൺസിലിനെ വലക്കുന്നത്. ഇതിനൊപ്പം സുപ്രീംകോടതി പുറപ്പെടുവിച്ച നിർണായക വിധി ജി.എസ്.ടി എന്ന നികുതി സമ്പ്രദായത്തിന്റെ അന്തസത്തയെ തന്നെ ചോർത്തിക്കളയുമോയെന്ന ആശങ്കയിലാണ് കേന്ദ്രസർക്കാർ ഇപ്പോഴുള്ളത്.
ജി.എസ്.ടി കൗൺസിൽ നിർദേശങ്ങൾ പൂർണമായും നടപ്പാക്കേണ്ട ബാധ്യത സംസ്ഥാനങ്ങൾക്കില്ലെന്നായിരുന്നു സുപ്രീംകോടതി വിധി. ഇതോടെ ജി.എസ്.ടി നഷ്ടപരിഹാരം നിർത്തിയാൽ വരുമാന നഷ്ടം നേരിടാൻ സംസ്ഥാനങ്ങൾ മറ്റ് മാർഗങ്ങൾ തേടിയാൽ അത് ജി.എസ്.ടിയെന്ന നികുതി സമ്പ്രദായത്തെ തകർക്കുന്നതിലേക്ക് നയിക്കുമെന്ന ആശങ്ക സർക്കാറിനുണ്ട്.
സംസ്ഥാനങ്ങൾ വിവിധ നികുതികൾ ഉയർത്തിയാൽ ഇപ്പോൾ തന്നെ ഉയർന്നു നിൽക്കുന്ന പണപ്പെരുപ്പം ഇനിയും വർധിക്കുമെന്ന വെല്ലുവിളിയും കേന്ദ്രത്തിന് മുന്നിലുണ്ട്. ജി.എസ്.ടി സംബന്ധിച്ച നിർണായക വിധി ആശ്വാസം നൽകുന്നതാണെന്ന കേരള ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രസ്താവന ഒത്തുതീർപ്പിന് വഴങ്ങില്ലെന്ന സൂചനയാണ് നൽകുന്നത്