ന്യൂഡല്‍ഹി : ആഘോഷകാലം ഇന്ത്യാക്കാർ അടിച്ചുപൊളിച്ച് ആഘോഷിച്ചതോടെ കേന്ദ്ര-സംസ്ഥാന ഖജനാവുകളിലേക്ക് എത്തിയത് 1.82 ലക്ഷം കോടി രൂപ. നവംബർ മാസത്തിലെ ജിഎസ്ടി വരുമാനമാണിത്. മുൻവർഷത്തെ അപേക്ഷിച്ച് നികുതി വരുമാനത്തിൽ 8.5ശതമാനം വർദ്ധനവുണ്ടായി.
എന്നാൽ ഒക്ടോബർ മാസത്തെ അപേക്ഷിച്ച് നികുതി വരുമാനം കുറഞ്ഞു. ഒക്ടോബറിൽ 1.87 ലക്ഷം കോടി രൂപയായിരുന്നു ജി എസ് ടി വരുമാനം. 2017ൽ ജി എസ് ടി സമ്പ്രദായം നടപ്പിലാക്കിയ ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ മാസ വരുമാനമാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. ഈ വർഷം ഏപ്രിൽ മാസത്തിൽ ലഭിച്ച 2.1 ലക്ഷം കോടി രൂപയുടെ ജി എസ് ടി വരുമാനമാണ് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന മാസ വരുമാനം.
ജമ്മുകശ്മീരിൽ നവംബറിലെ നികുതി വരുമാനം 25% ഉയർന്നു. സിക്കിമിൽ 52% ആണ് വർദ്ധന. ബീഹാറിൽ 12 ശതമാനവും മിസോറാമിൽ 16 ശതമാനവും ത്രിപുരയിലും ഡൽഹിയിലും 18% വും ആണ് നികുതി വളർച്ച. അസം ഒഡീഷ സംസ്ഥാനങ്ങളിൽ 10% വീതം നികുതി വളർച്ച രേഖപ്പെടുത്തി. പക്ഷേ മാനുഫാക്ചറിങ് രംഗത്ത് മുന്നിൽ നിൽക്കുന്ന ഹരിയാന, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിൽ കാര്യമായ വളർച്ച നികുതി വരുമാനത്തിൽ ഉണ്ടായിട്ടില്ല. രാജസ്ഥാനിലും ആന്ധ്രപ്രദേശിലും ഛത്തീസ്ഗഡിലും നികുതിവളർച്ച താഴേക്ക് പോവുകയും ചെയ്തു.