അഹമ്മദാബാദ്: ഗുജറാത്തിൽ ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭൂപത് ഭയാനി ബിജെപിയിൽ ചേരുമെന്നാണ് അഭ്യൂഹമുയർന്നത്. അതേസമയം, നിലപാട് വ്യക്തമാക്കി എംഎൽഎ രംഗത്തെത്തി. ബിജെപിയിൽ ചേരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയിൽ ചേരാൻ പോകുന്നില്ല. പൊതുജനങ്ങളോട് അവർക്ക് എന്താണ് വേണ്ടതെന്ന്ചോദിക്കും. അതിന് ശേഷം തീരുമാനമെടുക്കുമെന്ന് ഭൂപത് ഭയാനി പറഞ്ഞു. അതേസമയം, ബിജെപിയെ പുറത്തുനിന്ന് പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ എഎപി ടിക്കറ്റിൽ വിസാവാദർ നിയമസഭാ സീറ്റിൽ നിന്നാണ് ഭയാനി വിജയിച്ചത്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 182 അംഗ നിയമസഭയിൽ 156 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം നേടിയത്. ഗുജറാത്തിൽ 17 സീറ്റുകൾ മാത്രം നേടി കോൺഗ്രസ് രണ്ടാം സ്ഥാനത്താണ്. അതേസമയം, ആദ്യമായി ഗുജറാത്തിൽ സജീവ രാഷ്ട്രീയത്തിന് തുടക്കം കുറിച്ച ആം ആദ്മി പാർട്ടി അഞ്ച് സീറ്റുകൾ നേടി. എഎപി എംഎൽഎമാരൊന്നും വിൽപനക്കില്ലെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു. ബിജെപിയിൽ ചേർന്നിട്ടില്ല.
ബിജെപിയിൽ ചേരണോ വേണ്ടയോ എന്ന് ഞാൻ ജനങ്ങളോട് ചോദിക്കും. കർഷകർക്ക് ആധിപത്യമുള്ള പ്രദേശമാണ് എന്റെ മണ്ഡലം. ജലസേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണം. പ്രദേശത്ത് ധാരാളം വ്യാപാരികളും ഉണ്ട്. അവരെയും പരിഗണിക്കണം. സർക്കാറിന്റെ സഹകരണമില്ലാതെ ഇതൊന്നും എനിക്ക് ചെയ്യാനാകില്ല. അതുകൊണ്ടാണ് ജനങ്ങളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് പറഞ്ഞത്- എംഎൽഎ പറഞ്ഞു. ഗുജറാത്തിലെ ജനങ്ങൾ നരേന്ദ്ര മോദിക്കും ബിജെപിക്കും റെക്കോർഡ് ജനവിധിയാണ് നൽകിയത്. അതിനെ ബഹുമാനിക്കുന്നു. ഞാൻ നേരത്തെ ബിജെപിയോടൊപ്പമായിരുന്നു. നേതാക്കളുമായി ഇപ്പോഴും നല്ല ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിജെപിയിലായിരുന്നു ഭയാനി. പിന്നീട് എഎപിയിൽ ചേരുകയായിരുന്നു.