ഗാന്ധിനഗർ: പ്രണയവിവാഹങ്ങൾക്ക് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്നത് സംബന്ധിച്ച് സർക്കാർ പഠനം നടത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. പാട്ടിദാർ സമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയായ സർദാർ പട്ടേൽ ഗ്രൂപ്പ് ഞായറാഴ്ച മെഹ്‌സാനയിൽ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പെൺകുട്ടികൾ വിവാഹത്തിനായി ഒളിച്ചോടുന്ന സംഭവങ്ങളെക്കുറിച്ച് പഠനം നടത്താൻ ആരോഗ്യമന്ത്രി റിഷികേശ് പട്ടേൽ തന്നോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ അംഗീകാരം നിർബന്ധമാക്കുന്ന തരത്തിൽ സംവിധാനമുണ്ടാക്കും. ഭരണഘടന അനുകൂലമാണെങ്കിൽ ഇത് സംബന്ധിച്ച് പഠനം നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021ൽ ഗുജറാത്ത് സർക്കാർ മതപരിവർത്തന നിയമം ഭേദഗതി ചെയ്തിരുന്നു. നിർബന്ധിത മതപരിവർത്തനത്തിനാണ് ശിക്ഷ കടുപ്പിച്ചത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. നിയമത്തിലെ ചില വിവാദ വകുപ്പുകൾ ഗുജറാത്ത് ഹൈക്കോടതി പിന്നീട് ഈ സ്റ്റേ ചെയ്തു. കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.