അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത ബലാത്സംഗ അതിജീവിതയുടെ 31 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഗുജറാത്ത് ഹൈകോടതി അനുമതി നൽകിയില്ല. മെഡിക്കൽ ബോർഡിന്‍റെ നിർദേശം പരിഗണിച്ചുകൂടിയാണ് ജസ്റ്റിസ് സമീർ ജെ. ദവെയുടെ വിധി. ഈ കേസിലെ അതിജീവിതയോട്, 17 വയസിന് മുമ്പെ പെൺകുട്ടികൾ പ്രസവിക്കുന്നതറിയാൻ മനുസ്മൃതി വായിക്കാൻ ജസ്റ്റിസ് സമീർ ദവെ ഉപദേശിച്ചത് വിവാദമായിരുന്നു.
പെൺകുട്ടിക്ക് പ്രസവം വരെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് വിധിയിൽ സർക്കാറിനോട് നിർദേശിച്ചു. പെൺകുട്ടി നഷ്ടപരിഹാരത്തിന് അർഹയാണെങ്കിൽ അത് നൽകണമെന്നും കോടതി പറഞ്ഞു.
നേരത്ത, കേസിൽ പ്രതിയും അതിജീവിതയും തമ്മിൽ ‘ഒത്തുതീർപ്പ്’ സാധ്യമാകുമോയെന്ന് കോടതി ആരാഞ്ഞിരുന്നു. എന്നാൽ, പ്രതി വിവാഹിതനാണെന്ന് കണ്ടെത്തിയതോടെ ഇതിൽ നിന്ന് പിന്തിരിഞ്ഞു.
ഗർഭം 29 ആഴ്ച പിന്നിട്ടപ്പോഴാണ് അതിജീവിതയുടെ പിതാവ് കോടതിയെ സമീപിക്കുന്നത്. എന്നാൽ, ഈ സാഹചര്യത്തിൽ ഗർഭം അലസിപ്പിക്കുന്നതിന് എതിരായാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയത്.
17 വയസിന് മുമ്പെ പെൺകുട്ടികൾ പ്രസവിക്കുന്നതറിയാൻ മനുസ്മൃതി വായിക്കാൻ ഉപദേശിച്ച ജഡ്ജിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. നമ്മൾ ജീവിക്കുന്നത് 21ാം നൂറ്റാണ്ടിലാണെന്നും എന്നാൽ വീട്ടിൽ ചെന്ന് അമ്മയോടോ മുത്തശ്ശിയോടോ ചോദിച്ചാൽ കഴിഞ്ഞ കാലത്ത് 14ഉം15ഉം വയസിലായിരുന്നു പെൺകുട്ടികളെ വിവാഹം ചെയ്തയച്ചിരുന്നതെന്നും 17 വയസാകുമ്പോഴേക്കും അവർ ആദ്യ കുഞ്ഞിന് ജന്മം നൽകിയിരുന്നുവെന്നും പറഞ്ഞു തരുമെന്നായിരുന്നു ജസ്റ്റിസ് സമീർ ദവെയുടെ വാക്കുകൾ.