അഹമ്മദാബാദ് > പെണ്‍കുട്ടികള്‍ നേരത്തേ വിവാഹിതരാവുകയും ഗർഭം ധരിക്കുന്നതും സാധാരണമാണെന്നും സംശയമുണ്ടെങ്കിൽ മനുസ്മൃതി വായിച്ച് നോക്കാനും പെൺകുട്ടിയെ ഉപദേശിച്ച് ഗുജറാത്ത് ഹൈക്കോടതി. പീഡനത്തിനിരയായി ഗർഭിണിയായ പതിനേഴുകാരിക്ക് ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകണമെന്ന് കാട്ടി പെൺകുട്ടിയുടെ പിതാവ് നൽകിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിചിത്ര പരാമര്‍ശം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ച അഭിഭാഷകന്‍ പെണ്‍കുട്ടിയുടെ പ്രായത്തിന്റെ പേരില്‍ വീട്ടുകാര്‍ ഉത്കണ്ഠയിലാണന്ന് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
‘മുൻ കാലങ്ങളിൽ 14-15 വയസിൽ വിവാഹം നടന്നിരുന്നു. 17 വയസ് പൂർത്തിയാകും മുൻപ് തന്നെ പെൺകുട്ടികൾ വിവാഹം കഴിച്ച് കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ടായിരുന്നു. അമ്മമാരോടോ മുത്തശ്ശിമാരോടോ ചോദിച്ചു നോക്കൂ, 14-15 ആയിരുന്നു വിവാഹത്തിനുള്ള പരമാവധി പ്രായം. 17 വയസിനു മുൻപ് പ്രസവിക്കുമായിരുന്നു. ആൺകുട്ടികൾക്കു മുൻപ് പെൺകുട്ടികൾക്ക് പക്വതയുണ്ടാവും. 4-5 മാസങ്ങൾ വലിയ വ്യത്യാസമൊന്നുമുണ്ടാക്കില്ല’- കോടതി പറഞ്ഞു. 21 ാം നൂറ്റാണ്ടിൽ ജീവിക്കുന്നതുകൊണ്ടാണ് ഇത്തരം ഉത്കണ്ഠകൾ ഉണ്ടാകുന്നത്. സംശയമുണ്ടെങ്കിൽ മനുസ്മൃതി വായിച്ചു നോക്കാനും കോടതി പറഞ്ഞു.
ജസ്റ്റിസ് സമീര്‍ ദാവെയാണ് വിവാദ പരാമർശം നടത്തിയത്. ബലാത്സംഗ അതിജീവിതയായ പെൺകുട്ടിക്ക് പതിനേഴു വയസാണ് പ്രായം. നിലവിൽ ഏഴു മാസം ഗർഭിണിയാണ് പെൺകുട്ടി. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ പിതാവാണ് കോടതിയെ സമീപിച്ചത്. കുട്ടിയുടെ പ്രായം പരിഗണിച്ച് ഗർഭഛിദ്രം അനുവദിക്കണമെന്ന ആവശ്യത്തിനാണ് കോടതി വിചിത്രമായ മറുപടി നൽകിയത്.
അതേസമയം, ഏഴ് മാസത്തിനു മുകളിൽ പ്രായമായതിനാൽ ഗർഭഛിദ്രം നടത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ കോടതി ഡോക്ടർമാരുടെ ചേംബറിനോട് ആവശ്യപ്പെട്ടു. എത്രയും വേഗം വൈദ്യ പരിശോധന നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഗര്‍ഭസ്ഥ ശിശുവിനോ പെണ്‍കുട്ടിക്കോ എന്തെങ്കിലും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ മാത്രമേ ഗര്‍ഭഛിദ്രം അനുവദിക്കാനാവൂ എന്നും ആരോഗ്യം സാധാരണഗതിയിലാണെങ്കിൽ അനുമതി നൽകാൻ ബുദ്ധിമുട്ടാണെന്നും ജഡ്ജി പറഞ്ഞു. പെണ്‍കുട്ടിയെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും ഉത്തരവുണ്ട്.