ദില്ലി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ നാളെ പ്രഖ്യാപിക്കും. രാവിലെ ആരംഭിക്കുന്ന വോട്ടെണ്ണലിൽ ഉച്ചയോടെ ചിത്രം വ്യക്തമാകും. ഗുജറാത്തിൽ ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ടു ഘട്ടങ്ങളായും, ഹിമാചൽ പ്രദേശിൽ നവംബർ 12 ന് ഒറ്റ ഘട്ടമായും ആണ് വോട്ടെടുപ്പ് നടന്നത്. രണ്ടു സംസ്ഥാനങ്ങളിലും ബിജെപി ഭരണ തുടർച്ച നേടും എന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ പ്രവചനങ്ങളും പറയുന്നത്.
ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും എക്സിറ്റ് പോൾ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതെന്നാണ് ബിജെപി പ്രതികരിച്ചത്. ഭരണ തുടർച്ചയ്ക്കായി വ്യാഴാഴ്ച വരെ കാത്തിരിക്കാൻ ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂർ പറഞ്ഞു. ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന പ്രവചനങ്ങളിൽ പ്രതീക്ഷയർപ്പിക്കുകയാണ് കോൺഗ്രസ്. എംഎൽഎമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നത് തടയാൻ സംസ്ഥാനത്ത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ അടക്കമുള്ള മുതിർന്ന നേതാക്കളെ നേരത്തെതന്നെ നിരീക്ഷകരായി നിയോഗിച്ചു കഴിഞ്ഞു. അതേസമയം ഗുജറാത്തിലെ എക്സിറ്റ് പോൾ പ്രവചനങ്ങഴോട് ആംആദ്മി പാർട്ടിയിൽ സമ്മിശ്ര പ്രതികരണമാണ്. പ്രവചനങ്ങൾ തെറ്റാണെന്നും ആംആദ്മി പാർട്ടി നൂറിലേറെ സീറ്റുകൾ നേടുമെന്നും ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗഡ്‍വി പറഞ്ഞു. അതേ സമയം എക്സിറ്റ് പോൾ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും, ഗുജറാത്തിൽ ആദ്യ തെരഞ്ഞെടുപ്പിൽതന്നെ 20 ശതമാനം വരെ വോട്ടുകൾ നേടുമെന്ന പ്രവചനങ്ങൾ നേട്ടമാണെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ഗുജറാത്തിൽ ബിജെപി എക്കാലത്തെയും കൂടുതൽ സീറ്റുകൾ നേടി അധികാര തുടർച്ച നേടുമെന്നാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. ആകെ 182 സീറ്റുകളിൽ 46% വോട്ടുനേടി 129 മുതൽ 151 വരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് ഇന്ത്യ ടുഡേ മൈ ആക്സിസ് പ്രവചനം. കോൺഗ്രസ് വൻ തിരിച്ചടി നേരിട്ട് 16 മുതൽ 30 വരെ സീറ്റുകളിലേക്ക് ഒതുങ്ങും. ആംആദ്മി പാർട്ടി 21 സീറ്റുകൾ വരെ നേടാം. റിപ്പബ്ലിക് ടിവി 148 ഉം ന്യൂസ് എക്സ് 140 ഉം വരെ സീറ്റുകൾ ബിജെപി നേടിയേക്കാമെന്ന് പ്രവചിക്കുന്നു. കോൺഗ്രസിന്റെ വോട്ട് വിഹിതത്തിൽ 10 ശതമാനം വരെ കുറവുണ്ടാകും. 15% വോട്ട് വരെ ആംആദ്മി പാർട്ടി നേടും. ബിജെപി വോട്ട് കുറയില്ലെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. അതേസമയം ഹിമാചൽ പ്രദേശിൽ ഇഞ്ചോടിച്ച് മത്സരമാണെന്നും ചരിത്രം തിരുത്തി ബിജെപി അധികാര തുടർച്ച നേടിയേക്കാമെന്നുമാണ് ഭൂരിഭാഗം സർവേകളും പ്രവചിക്കുന്നത്. 42 വരെ സീറ്റുകൾ വരെ ബിജെപി നേടിയേക്കാമെന്ന് മറ്റുള്ളവർ പ്രവചിക്കുമ്പോൾ ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ കോൺഗ്രസ് 40 സീറ്റുവരെ നേടി ഹിമാചലിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നു പറയുന്നു. ബിജെപിയുടെയും കോൺഗ്രസിന്റെയും വോട്ട് വിഹിതത്തിൽ 2 ശതമാനം മാത്രമായിരിക്കും വ്യത്യാസം, ആംആദ്മി പാർട്ടിക്ക് കാര്യമായ ചലനമുണ്ടാക്കാനാകില്ല. 8 സീറ്റുകൾ വരെ മറ്റുപാർട്ടികളോ സ്വതന്ത്രരോ നേടിയേക്കാമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു.