കൊച്ചി : കേരളത്തിന്‍റെ ഗുജറാത്ത് മോഡൽ പഠനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ജിഗ്നേഷ് മേവാനി എംഎല്‍എ. ബിജെപി മുഖ്യമന്ത്രിമാർ പോലും ഗുജറാത്ത് മോഡൽ പഠിക്കാൻ പോകുന്നില്ല. എന്നാല്‍, കേരളം ഗുജറാത്ത് മോഡൽ ആഘോഷമായി പഠിക്കുന്നു. കേരള മുഖ്യമന്ത്രി ഗുജറാത്തിനെ പുകഴ്ത്തുന്നത് ദുരന്തമാണ് ജിഗ്നേഷ് മേവാനി വിമര്‍ശിച്ചു. ഗുജറാത്ത് മോഡൽ കോർപറേറ്റ് കൊള്ളയുടെ മാതൃകയാണ്. എന്താണ് ഗുജറാത്ത് മോഡൽ എന്ന് എല്‍ഡിഎഫ് സർക്കാരിന് ഒരു ധാരണയുമില്ല. ബിജെപിയുമായി ചില ഡീലുകൾ നടത്താൻ ഉള്ള ശ്രമം ആണേ ഇതെന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും ജിഗ്നേഷ് മേവാനി എംഎല്‍എ ആരോപിച്ചു. തൃക്കാക്കരയിൽ പ്രചാരണത്തിന് എത്തിയ ജിഗ്നേഷ് മേവാനി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഗുജറാത്ത് മോഡൽ ഭരണനിർവ്വഹണം പഠിക്കാനുള്ള ശ്രമത്തെ പ്രതിപക്ഷം അതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗുജറാത്തിലെ ഭരണ നവീകരണ മോഡൽ പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉൾപ്പെട്ട രണ്ടംഗ സംഘം മൂന്ന് ദിവസം ഗുജറാത്തിലേക്ക് പോയത്. വിവിധ വകുപ്പുകളുടെ പ്രവർത്തനം തത്സമയം ഓരോ ദിവസവും മുഖ്യമന്ത്രിക്ക് വിലയിരുത്തൻ കഴിയുന്ന സി എം ഡാഷ് ബോർഡ് സംവിധാനമാണ് പ്രധാനമായും പഠിച്ചത്. ഒപ്പം അര ലക്ഷത്തോളം സർക്കാർ സ്കൂളുകളെ ഒരു കേന്ദ്രത്തിൽ നിരീക്ഷിക്കുന്ന വിദ്യ സമീക്ഷ പദ്ധതിയും ചീഫ് സെക്രെട്ടറി വിലയിരുത്തി.
സർക്കാരിന്‍റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിലൂടെ തത്സമയം വിലയിരുത്തുന്നതാണ് സി എം ഡാഷ് ബോർഡ് സംവിധാനം. ഡാറ്റാബേസ് ഉണ്ടാക്കിയുള്ള സിഎം ഡാഷ് ബോർഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം. പിണറായിയുമായി അടുത്തിടെ നടന്ന കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രി ഗുജറാത്ത് മാതൃക എടുത്ത് പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറി വി പി ജോയിക്കൊപ്പം ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന സ്റ്റാഫ് ഓഫീസർ ഉമേഷ് എൻഎസും ഗുജറാത്തില്‍ പോയിരുന്നു. എന്തിലും രാജ്യത്തെ ബദലും നമ്പർ വണ്ണും കേരളമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴുള്ള ഗുജറാത്ത് പഠനം പ്രതിപക്ഷം ആയുധമാക്കി. എന്നാല്‍, വികസനം പഠിക്കുന്നതിൽ തെറ്റില്ലെന്നാണ് പ്രതിപക്ഷ വിമര്‍ശനത്തോടുള്ള സര്‍ക്കാരിന്‍റെ പ്രതികരണം.
അതേസമയം, ഗുജറാത്ത് മോഡല്‍ പഠിക്കാനായല്ല ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും ഗുജറാത്തില്‍ സന്ദർശനം നടത്തിയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിച്ചിരുന്നു. ഡാഷ് ബോര്‍ഡിനെ കുറിച്ച് പഠിക്കാനായാണ് ഉദ്യോഗസ്ഥർ പോയത്. ഇത് എല്ലാ സർക്കാരുകളും സാധാരണ ചെയ്യാറുള്ളതാണെന്നും യെച്ചൂരി പറഞ്ഞു. വിഷയത്തെ കുറിച്ച് സംസ്ഥാന സർക്കാർ മറുപടി പറയുമെന്നും യെച്ചൂരി ദില്ലിയില്‍ പറഞ്ഞിരുന്നു.