റിയാദ്: സൗദിയിൽ കൈക്കൂലി, ഔദ്യോഗിക പദവിയുടെ ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കേസുകളിൽ പ്രതികളായ 134 പേരെ അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) അറസ്റ്റ് ചെയ്തു.ഒരു മാസത്തിനിടയിലാണ് സ്വദേശികളും വിദേശികളുമായ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 3400 നിരീക്ഷണ സ്കോഡുകളാണ് നടത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി. സംശയാസ്പദമായ 340 പേരെ ചോദ്യം ചെയ്തു. ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ-ഗ്രാമകാര്യം-ഭവനനിർമാണം എന്നീ മന്ത്രാലയങ്ങളിലെയും സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിയിലെയും ജീവനക്കാരാണ് പിടിയിലായത്. ക്രിമിനൽ നടപടി ചട്ടപ്രകാരം അറസ്റ്റ് ചെയ്തവരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായും അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി.