റിയാദ്: സൗദി അറേബ്യയില്‍ കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കാറുകളില്‍ തീപിടിക്കാതെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ്. സൗദിയിലെ പല പ്രവിശ്യകളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പ്. കാറുകളില്‍ അഞ്ചു വസ്തുക്കള്‍ സൂക്ഷിക്കുന്നത് അപകടകരമാണെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍, ലൈറ്ററുകള്‍, കംപ്രസ് ചെയ്ത ഗ്യാസ് കുപ്പികള്‍, പെര്‍ഫ്യൂമുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നീ അഞ്ചു വസ്തുക്കള്‍ വെയിലത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ സൂക്ഷിക്കരുതെന്നാണ് മുന്നറിയിപ്പ്. ഇവ തീപിടിക്കാനും പൊട്ടിത്തെറിക്കാനും കാരണമായേക്കാമെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
അതേസമയം സൗദിയില്‍ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച അവസാനം വരെ നാല് മേഖലകളിലും 46-50 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കുമെന്നാണ് അറിയിപ്പ്. അല്‍ ശര്‍ഖിയ മേഖലയില്‍ താപനില ഉയരും. 48-50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. റിയാദിന്റെ കിഴക്ക്, തെക്ക് മേഖലകളിലും, അല്‍ ഖസീമിന്റെ കിഴക്കന്‍ മേഖലകളിലും മദീനയുടെ പടിഞ്ഞാന്‍ പ്രദേശങ്ങളിലും താപനില ഉയരും. 46-48 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. അല്‍ ശര്‍ഖിയയിലും മധ്യഭാഗങ്ങളിലും താപനില വളരെ കൂടുതലാകാനും സാധ്യതയുണ്ട്. മദീന, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങള്‍ മക്ക, ജിസാന്‍ മേഖലകള്‍ക്കിടയിലെ തീരദേശ റോഡില്‍ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ഇത് ദൂരക്കാഴ്ച പരിമിതപ്പെടുത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.