ദുബൈ: യുഎഇയില്‍ സ്വദേശിവത്കരണ നിയമം ലംഘിച്ചതിന് അഞ്ഞൂറിലേറെ കമ്പനികള്‍ക്ക് പിഴ ചുമത്തി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ആകെ 565 കമ്പനികള്‍ക്ക് പിഴ ചുമത്തിയതായി അധികൃതര്‍ വ്യക്തമാക്കി. നിയമലംഘനം നടത്തിയ കമ്പനികള്‍ക്ക് ഇരുപതിനായിരം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴ ചുമത്തിയത്. ചില കമ്പനികളെ തരംതാഴ്ത്തിയതായും മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
നിലവില്‍ 81,000ത്തിലേറെ സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. 17,000 കമ്പനികളിലാണ് ഇത്രയും സ്വദേശികള്‍ ജോലി ചെയ്യുന്നത്. 2026 അവസാനത്തോടെ സ്വകാര്യ മേഖലയില്‍ 10 ശതമാനം സ്വദേശിവത്കരണമാണ് യുഎഇ ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഒരു ശതമാനം സ്വദേശിവത്കരണമാണ് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ആറു മാസത്തിനകം ജീവനക്കാരില്‍ ഒരു ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. വര്‍ഷത്തില്‍ രണ്ടു ശതമാനമെന്ന നിലയിലാണ് ടാര്‍ഗറ്റ്. അര്‍ദ്ധവാര്‍ഷിക സ്വദേശിവത്കരണം ജൂണ്‍ 30ഓടെ പൂര്‍ത്തിയാക്കേണ്ടിയിരുന്നതാണെങ്കിലും ജൂലൈ ഏഴ് വരെ സമയം നീട്ടി നല്‍കുകയായിരുന്നു.