കുവൈത്ത് സിറ്റി: കുവൈത്തിലുള്ള ഇന്ത്യൻ നഴ്സുമാര്‍ക്ക് മാർഗ നിർദേശങ്ങള്‍ നല്‍കി ഇന്ത്യൻ എംബസി. കുവൈത്ത് ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ രേഖാമൂലമുള്ള കരാറിന് രാജ്യത്തുള്ള എല്ലാ നഴ്‌സിംഗ് / മെഡിക്കൽ സ്റ്റാഫുകളും നിർബന്ധം പിടിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു. ഇന്ത്യൻ എംബസിയുടെ സാക്ഷ്യപ്പെടുത്തലും ആവശ്യമാണ്. കരാറിന്റെ ഇംഗ്ലീഷ് പരിഭാഷ വിവർത്തനം ചെയ്ത ഒരു പകർപ്പ് കൈവശം സൂക്ഷിക്കാനും എംബസി നഴ്സിംഗ് സ്റ്റാഫുകളോട് നിര്‍ദ്ദേശിച്ചു.
എംബസിയുടെ നിർദേശങ്ങൾ
വിസ 18ൽ ജോലി ചെയ്യുന്ന പ്രവാസികൾ അവരുടെ സിവിൽ ഐഡി / കോൺട്രാക്‌റ്റുകളിലെ ജോലിയുടെ നിയമനം അനുസരിച്ച് മാത്രമേ ചുമതലകൾ നിർവഹിക്കാവൂ. മറ്റെന്തെങ്കിലും ജോലി ചെയ്യാൻ നിങ്ങളെ നിർബന്ധിക്കുകയാണെങ്കിൽ മാൻപവർ അതോറിറ്റിയെ വിവരം അറിയിക്കണം.
ജോലി ചെയ്യുന്ന ആശുപത്രി അല്ലെങ്കിൽ ക്ലിനിക്കിന് സാധുവായ ആരോഗ്യ മന്ത്രാലയ ലൈസൻസും നഴ്‌സിംഗ് സ്റ്റാഫിനുള്ള ആരോഗ്യ മന്ത്രാലയ, മാൻപവർ അതോറിറ്റി ക്വാട്ട ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
കുവൈത്തിലെ ഏതെങ്കിലും നഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്നതിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നൽകുന്ന സാധുവായ നഴ്സിംഗ് ലൈസൻസ് നിർബന്ധമാണ്. ഈ ലൈസൻസ് ഇല്ലാതെ നഴ്സിംഗ് സംബന്ധമായ ജോലി സ്വീകരിക്കുന്നത് ശിക്ഷാനടപടികൾക്ക് കാരണമാകും.
തൊഴിലുമായി ബന്ധപ്പെട്ട ചുമതലകൾ മാത്രം നിർവഹിക്കുക. തൊഴിൽ ദാതാവ്/ആശുപത്രി/ക്ലിനിക്ക് നിങ്ങളുടെ പ്രൊഫെെൽ അനുസരിച്ചുള്ളതല്ലാതെ മറ്റേതെങ്കിലും ചുമതലകൾ നിർവഹിക്കാൻ നിങ്ങളെ നിർബന്ധിക്കുകയാണെങ്കിൽ മാൻപവർ അതോറിറ്റിയിൽ പരാതി നൽകണം. എംബസിയുടെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിലും (+965-65501769) ബന്ധപ്പെടാം.