അബുദാബി: ഒരൊറ്റ വാട്സാപ്പ് ഗ്രൂപ്പിലൂടെ യുഎഇയിലെ മഴയിൽ ഒറ്റപ്പെട്ടവർക്ക് താമസവും ഭക്ഷണവുമെത്തിക്കുകയാണ് മലയാളികൾ ഉൾപ്പടെ പ്രവാസികൾ. നിരവധി പേരാണ് സ്വയം സന്നദ്ധരായി ‘റെയിൻ സപ്പോർട്ട്’ എന്ന ഗ്രൂപ്പിലൂടെ പ്രവർത്തിക്കുന്നത്. ബുദ്ധിമുട്ടുന്നവരെ സ്വന്തം വീട്ടിൽ താമസിപ്പിച്ചും വീട്ടിൽ നിന്ന് ഭക്ഷണമെത്തിച്ച് നൽകിയുമാണ് ഇവർ മാതൃകയാവുന്നത്.യുഎഇയിലെ മഴയിൽ ബുദ്ധിമുട്ടുന്നവർക്ക് കൈത്താങ്ങാകുകയാണ് ഒരു കൂട്ടം മനുഷ്യര്‍. ഒരു വാട്സാപ്പ് ഗ്രൂപ്പാണ് ഈ സഹായങ്ങളൊക്കെ നിയന്ത്രിക്കുന്നത്. മലയാളികൾ തുടങ്ങിയ റെയിൻ സപ്പോർട്ട് എന്ന ഗ്രൂപ്പ് സഹായ മനസ്കരുടെ വിവിധ രാജ്യക്കാരുടെയും കൂട്ടായ്മയാണിപ്പോൾ. സഹായം ആവശ്യമുള്ളവർക്കും സഹായം നൽകാൻ കഴിയുന്നവർക്കും ഗ്രൂപ്പിൽ മെസേജ് ഇടാം. ഉടനടിയെത്തും കൈത്താങ്ങ്. സൗജന്യ ഭക്ഷണമെത്തിക്കാനുള്ള മറ്റൊരു വാട്സാപ്പ് ഗ്രൂപ്പും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ബുദ്ധിമുട്ടുന്നവരെ ഒപ്പം താമസിപ്പിച്ചും ഭക്ഷണം എത്തിച്ചും ചേർത്തുപിടിക്കൽ.
ഭക്ഷണം വീട്ടിൽ നിന്നുണ്ടാക്കി വളണ്ടിയർമാർക്ക് നൽകുന്നവർ, കിട്ടുന്ന ഭക്ഷണം റിസ്കെടുത്ത് ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നവർ, ഇതിനായി നിരന്തരം പ്രവർത്തിക്കുന്നവർ, അങ്ങനെ യുഎഇ കാണിച്ചു കൊടുക്കുന്ന ഐക്യവും ഒരുമയും യുഎഇയില്‍ കാണാനാകും. മർക്കസ്, കെഎംസിസി, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഉൾപ്പടെ പ്രസ്ഥാനങ്ങൾ സജീവമാണ്.