മസ്കറ്റ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബജൗറിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒമാൻ അനുശോചനം അറിയിച്ചു. ഖൈബർ പ്രവിശ്യയെ ലക്ഷ്യമിട്ട് നടന്ന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും പാകിസ്ഥാന്‍ സർക്കാരിനോടും ജനങ്ങളോടും ഒമാൻ സുൽത്താനേറ്റ് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുകയും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നതായും ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.പാക്കിസ്ഥാനിലെ ജംഇയ്യത്ത് ഉലമ ഇ ഇസ്‍ലാം ഫസൽ (ജെ യു ഐ എഫ്) പാർട്ടി യോഗത്തിനിടെയാണ് വൻ സ്ഫോടനം ഉണ്ടായത്. ചാവേറാക്രമണത്തില്‍ 40 പേരിലേറെ കൊല്ലപ്പെട്ടു.
ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ ജെ യു ഐ എഫിന്റെ പ്രാദേശിക നേതാക്കളടക്കമുള്ളവരുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജെ യു ഐ എഫിന്റെ പാർട്ടി യോഗത്തിനിടെ സ്ഫോടനം നടക്കുമ്പോൾ 400 ലേറെ പേർ സ്ഥലത്തുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.