മസ്കറ്റ്: തേജ് ചുഴലിക്കാറ്റിന്റെ ആഘാതം നേരിടുന്നതിന്റെ തയ്യാറെടുപ്പിനായി ദോഫാർ ഗവർണറേറ്റിലെ ഹലാനിയത്ത് ദ്വീപുകളിലെയും, സലാല, രഖ്യുത്, ധൽകോട്ട് എന്നീ വിലായത്തുകളിലെയും തീരപ്രദേശങ്ങളിലെയും താമസക്കാരെ ഒഴിപ്പിക്കാൻ ഒമാൻ ദേശീയ ദുരന്ത നിവാരണ സമിതി (എൻസിഇഎം) തീരുമാനിച്ചു. തേജ് ചുഴലിക്കാറ്റ് മൂലം ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടുവാൻ ഒമാൻ ദുരന്ത നിവാരണ സമതി തയ്യാറായി കഴിഞ്ഞു.ദോഫാർ ഗവർണറേറ്റിൽ 32 ഷെൽട്ടർ സെന്ററുകളും അൽ വുസ്ത ഗവർണറേറ്റിൽ 3 ഷെൽട്ടർ സെന്ററുകളും ഒരുക്കിയിട്ടുണ്ട്. ഒമാൻ തീരത്ത് നിന്ന് ഏകദേശം 450 കിലോമീറ്റർ അകലെ അറബിക്കടലിന് തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കാറ്റഗറി മൂന്ന് ചുഴലിക്കാറ്റാണ് തേജ്. അതിന്റെ പ്രഭവ കേന്ദ്രത്തിനടുത്തുള്ള കാറ്റിന്റെ വേഗത 96-120 നോട്ട് ആയി കണക്കാക്കപ്പെടുന്നു.
അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് കാറ്റഗരി നാലായി മാറാനാണ് സാധ്യത. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ നേരിട്ടുള്ള ആഘാതം (ഒക്‌ടോബർ 22) ഇന്ന് ഞായറാഴ്ച രാത്രി ആരംഭിക്കും, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഏറ്റവും ഉയർന്ന തോതിൽ തേജ് വീശിയടിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.അതേസമയം തേജ് ചുഴലിക്കാറ്റ് മൂലം ഒമാനിൽ ദോഫാർ ഗവർണറേറ്റിലെയും അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസാർ വിലായത്തിലെയും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഒക്ടോബർ 23 തിങ്കളാഴ്ചയും ഒക്ടോബർ 24 ചൊവ്വാഴ്ചയും തൊഴിൽ മന്ത്രാലയം അവധി പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ (2023 ഒക്ടോബർ 22 ) ഇന്ന് (ഞായറാഴ്ച) രാത്രി മുതൽ കനത്ത മഴയോട് (50-150 മില്ലിമീറ്റർ ) ആരംഭിക്കുമെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നത്.