മസ്‌കറ്റ്: കലാമേഖലയിലുള്ള പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക ലക്ഷ്യമിട്ട് 10 വര്‍ഷത്തെ വിസ അവരതിപ്പിക്കാന്‍ ഒമാന്‍. ഇതുമായി ബന്ധപ്പെട്ട കരടിന് മജ്‌ലിസ് ശൂറ അംഗീകാരം നല്‍കി. മികച്ച സര്‍ഗാത്മക പ്രതിഭകളെ ആകര്‍ഷിക്കുന്ന സന്തുലിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ലക്ഷ്യംവെച്ചാണ് സാംസ്‌കാരിക വിസ അവതരിപ്പിക്കുന്നത്. ഒമാനിലേക്ക് എഴുത്തുകാരെ ഉള്‍പ്പെടെ കൊണ്ടുവരുന്നതിനാണ് 10 വര്‍ഷത്തെ സാംസ്‌കാരിക വിസ രൂപകല്‍പ്പന ചെയ്തത്.
മീഡിയ ആന്‍ഡ് കള്‍ച്ചര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. ഇതിലൂടെ രാജ്യത്ത് സാംസ്‌കാരിക പൈതൃകം, വാസ്തുവിദ്യ, ഭാഷ, സാഹിത്യം, കാലിഗ്രഫി, ശില്‍പ്പം, ഡ്രോയിങ്, മറ്റു കലാമേഖലകള്‍ എന്നിവയില്‍ മുന്നേറ്റം സാധ്യമാകും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒമാനികളുടെ വേതനം വര്‍ധിപ്പിക്കാനുള്ള അഭ്യര്‍ത്ഥനകള്‍ക്കും ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. സ്വകാര്യമേഖലയിലെ ഒമാനികളുടെ മിനിമം വേതനം വര്‍ധിപ്പിക്കുന്നത് അവരുടെ വാങ്ങല്‍ ശേഷിയെ സഹായിക്കുകയും പ്രാദേശിക വിപണിയിലെ പണമൊഴുക്ക് മെച്ചപ്പെടുത്തുകയും ചെയ്യും.