മസ്‌കറ്റ്: യുഎഇയില്‍ നിന്ന് വിസ മാറാന്‍ ഒമാനിലേക്ക് ബസില്‍ വരുന്നവര്‍ക്ക് അതിര്‍ത്തി ചെക്‌പോസ്റ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം ഒന്നു മുതലാണ് നിയന്ത്രണം നിലവില്‍ വന്നതെന്നാണ് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നത്.യുഎഇയില്‍ വിസ മാറുന്നത് രാജ്യം വിട്ട് പുറത്തേക്ക് പോകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ നിരവധി പേരാണ് ഒമാനിലേക്ക് വരുന്നത്. മസ്‌കറ്റിലും റൂവിയിലും ഉള്‍പ്പെടെ ഒന്നോ രണ്ടോ ദിവസം താമസിച്ച ശേഷമാണ് പലരും തിരിച്ച് യുഎഇയിലേക്ക് പോകുന്നത്. ഇത്തരക്കാര്‍ പലരും ബസിലായിരുന്നു ഒമാനിലേക്ക് വിസ മാറാന്‍ എത്തിയിരുന്നത്. എന്നാല്‍ ഈ മാസം മുതല്‍ സ്വകാര്യ ബസുകളിലെത്തുന്നവരെ അതിര്‍ത്തി കടക്കാന്‍ അധികൃതര്‍ അനുവദിക്കുന്നില്ല. അല്‍ഐനില്‍ നിന്ന് സര്‍വീസ് നടത്തുന്ന മുവാസലാത്ത് ബസില്‍ മസ്‌കറ്റില്‍ എത്തുന്നവര്‍ക്ക് നിയന്ത്രണമില്ലെന്നാണ് അറിയുന്നത്. മുവാസലാത്ത് അല്‍ ഐനില്‍ നിന്ന് ദിവസേന ഒരു സര്‍വീസ് മാത്രമാണ് നടത്തുന്നത്. ഇത് അപര്യാപ്തമാണെന്നാണ് യാത്രക്കാര്‍ പറയുന്നത്.