മസ്കറ്റ്: ഒമാനിൽ മൂന്നു പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ബാത്തിനാ ഗവര്‍ണറേറ്റിലെ ബർക്കയിൽ നിന്നുമാണ് ഏഷ്യൻ പൗരത്വമുള്ള മൂന്നു പ്രവാസികളെ റോയൽ ഒമാൻ പൊലീസ് പിടികൂടിയത്.ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ച സംഭാവന തുക മോഷ്ടിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കേസെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തെക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് വിഭാഗം ഈ മൂന്നു പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്കയുണ്ടായി.
അതേസമയം കഴിഞ്ഞ ദിവസം ഒമാനിലെ വടക്കൻ ബാത്തിനായിൽ മോഷണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിലായിരുന്നു. വടക്കൻ ബാത്തിനായിലെ സഹം വിലായത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹം വിലായത്തിലെ അഞ്ച് വാണിജ്യ സ്റ്റോറുകളിലും മസ്കത്ത് ഗവർണറേറ്റിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലും മോഷണം നടത്തിയെന്നതാണ് പിടിയിലായ രണ്ടു അറബ് പൗരന്മാർക്ക് നേരെ റോയൽ ഒമാൻ പൊലീസ് ചാർജ് ചെയ്തിരിക്കുന്ന കുറ്റം. വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ്, മസ്കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡിന്റെ സഹകരണത്തോടെയാണ് ഈ രണ്ടുപേരെയും പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തികരിച്ചുവെന്ന് റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.