കുവൈത്ത് സിറ്റി: കുവൈത്തില്‍ മനുഷ്യക്കടത്തില്‍ ഏര്‍പ്പെട്ടാല്‍ കര്‍ശന ശിക്ഷ. മൂന്ന് വര്‍ഷം തടവും 5000 മുതല്‍ 10,000 ദിനാര്‍ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിദേശികളുടെ കുവൈത്തിലെ താമസം സംബന്ധിച്ച പുതിയ ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. മനുഷ്യക്കടത്തിലൂടെ രാജ്യത്ത് എത്തിച്ച് പണം ഈടാക്കി മറ്റൊരാള്‍ക്ക് കൈമാറുന്നത് നിയമലംഘനമാണെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം കുവൈത്തില്‍ സ്വകാര്യ വസതിയിൽ ലൈസൻസില്ലാതെ റെസ്റ്റോറന്‍റ് പ്രവര്‍ത്തിപ്പിച്ച കേസില്‍ എട്ട് പ്രവാസികളെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയിരുന്നു. റെസ്റ്റോറന്‍റില്‍ ഇവര്‍ മദ്യവും പന്നിയിറച്ചിയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നു.ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, ലൈസന്‍സിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് അനധികൃത പ്രവര്‍ത്തനം നടത്തിയവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ ഒരു സ്വകാര്യ വസതിയെ റെസ്റ്റോറന്റാക്കി മാറ്റുകയും ഇറക്കുമതി ചെയ്തതും പ്രാദേശികമായി നിർമ്മിച്ചതുമായ മദ്യം പന്നിയിറച്ചിക്കൊപ്പം ഉപഭോക്താക്കൾക്ക് വിളമ്പുകയുമായിരുന്നു.
ആവശ്യമായ അനുമതി നേടിയ ശേഷം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ് ഒരു സംഘം രൂപീകരിച്ച് പരിശോധന നടത്തി നിയമലംഘകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയില്‍ പ്രാദേശികമായി നിർമ്മിച്ച 489 കുപ്പി മദ്യം, ആല്‍ക്കഹോള്‍ അടങ്ങിയ 54 ജാറുകൾ, ഇറക്കുമതി ചെയ്ത 10 മദ്യക്കുപ്പികൾ, 218 കിലോഗ്രാം പന്നിയിറച്ചി എന്നിവയും അധികൃതർ പിടിച്ചെടുത്തു. ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ പബ്ലിക് അതോറിറ്റി ഇവ പിടിച്ചെടുത്ത് പിഴ ചുമത്തി. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.