ഭുവനേശ്വർ: ഒഡിഷയിൽ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജു ജനതാദൾ പാർട്ടി തൂത്തുവാരുകയുണ്ടായി. എന്നാൽ, ഇപ്പോൾ ദേശീയ മാധ്യമങ്ങളിലടക്കം താരമായിരിക്കുന്നത് ഒരു മുസ്‍ലിം വനിതയാണ്. പേര് ഗുൽമാക്കി ദലാവ്സി ഹബീബ്. ഭദ്രക് നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ഇവർ മികച്ച വിജയമാണ് നേടിയത്. സംസ്ഥാനത്ത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷയാകുന്ന ആദ്യ മുസ്‍ലിം വനിതയാണ് ഈ 31കാരി.
വനിതകൾക്കായി സംവരണം ചെയ്ത സീറ്റിലേക്ക് മത്സരിച്ച ഇവർ ബി.ജെ.ഡിയുടെ സമിത മിശ്രയെ 3,256 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിയായ ഗുൽമാക്കി ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. ജനങ്ങളുടെ വിശ്വാസവും ഭദ്രകിന്റെ വികസന ലക്ഷ്യവുമാണ് തന്റെ വിജയത്തിന് കാരണമായതെന്ന് ഗുൽമാക്കി പറയുന്നു. ‘രാഷ്ട്രീയത്തിൽ ഞാൻ തുടക്കക്കാരിയാണ്. പക്ഷേ, രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. എന്റെ ഭർത്താവ് ഷെയ്ഖ് ജാഹിദ് ഹബീബ് ബി.ജെ.ഡിയുടെ ജില്ലാ വൈസ് പ്രസിഡന്റാണ്.
എന്റെ അമ്മാവൻ, അമ്മായിമാർ എന്നിവരെല്ലാം കഴിഞ്ഞ 30 വർഷമായി രാഷ്ട്രീയ മേഖലയിൽ സജീവമാണ്. എന്റെ അമ്മാവൻ കൗൺസിലറായിരുന്നു. എന്റെ അമ്മയുടെ അമ്മായി വൈസ് ചെയർമാനായി വർഷങ്ങൾക്ക് മുമ്പ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയമായി സജീവമായ ഒരു കുടുംബത്തിലേക്കാണ് എന്നെ വിവാഹം കഴിപ്പിച്ചത്. അതുകൊണ്ട് രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുക അസാധ്യമായിരുന്നു. പക്ഷേ ഞാൻ ഒരു തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല’ -ഗുൽമാക്കി പറഞ്ഞു.
നഗരസഭയിലെ 30 വാർഡുകളിൽ പകുതിയും ഉൾപ്പെടുന്ന പുരാണ ബസാർ പ്രദേശത്താണ് ഗുൽമാക്കി താമസിക്കുന്നത്. ഓരോ ഭരണസമിതിയും ഈ പ്രദേശത്തെ അവഗണിക്കുകയാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ടായിരുന്നു. ഇത്തവണ പുരാണ ബസാർ സ്വദേശിയെ സ്ഥാനാർത്ഥിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.എന്നാൽ, പുരാണ ബസാറിൽനിന്ന് ബി.ജെ.ഡി സ്ഥാനാർത്ഥിയെ നോമിനേറ്റ് ചെയ്യാത്തതിനെ തുടർന്ന് ഗുൽമാക്കിയെ സ്വതന്ത്രയായി മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. “ഇത് എനിക്ക് പുതിയതായതിനാൽ തുടക്കത്തിൽ ഞാൻ മടിച്ചു. എന്നാൽ, ഇവിടെയുള്ള ആളുകൾക്ക് എന്റെ കുടുംബത്തെ നന്നായി അറിയാം. എല്ലാവരും ഞാൻ ഇത് ഏറ്റെടുക്കണമെന്ന് നിർബന്ധിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കുന്നത് മുതൽ വോട്ടെണ്ണൽ ദിവസം വരെയുള്ള അവരുടെ പ്രവർത്തനവും വിശ്വാസവും സഹകരണവും എന്റെ വിജയം ഉറപ്പാക്കി’ -ഗുൽമാക്കി കൂട്ടിച്ചേർത്തു.
നഗരസഭയിൽ ജനസംഖ്യയുടെ 59.72 ശതമാനം പേരും ഹിന്ദുക്കളാണ്. 39.56 ശതമാനമാണ് മുസ്‍ലിംകൾ. ക്രിസ്ത്യാനികൾ 0.12 ശതമാനമാണുള്ളത്. സിഖുകാരും ബുദ്ധമതക്കാരും ജൈനരുമായി 0.02 ശതമാനം പേരുണ്ട്. 1991ലും 2017ലും വർഗീയ കലാപങ്ങൾ നടന്ന പ്രദേശം കൂടിയാണ് ഭദ്രക്. മതം നോക്കാതെയാണ് ഭദ്രകിലെ ജനങ്ങൾ തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചതെന്ന് ഗുൽമാക്കി പറയുന്നു. ‘ഒരു സമുദായത്തിന്റെ മാത്രം പിന്തുണയോടെ ഞാൻ വിജയിച്ചുവെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ആരും എന്നോട് വ്യത്യസ്തമായി പെരുമാറിയില്ല. ഹിന്ദു സമുദായത്തിലെ സഹോദരങ്ങൾ എനിക്കായി പ്രചാരണം നടത്തി. വോട്ട് ചോദിക്കാൻ രംഗത്തിറങ്ങി. ഞാൻ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കും. നാട്ടിൽ പുരോഗതി കൊണ്ടുവരും’ -ഗുൽമാക്കി വ്യക്തമാക്കുന്നു.
ഗുൽമാക്കി 27,143 വോട്ടുകൾ നേടിയപ്പോൾ ബി.ജെ.ഡിയുടെ മിശ്ര 24,024 വോട്ടുകളും കോൺഗ്രസ് സ്ഥാനാർത്ഥി അമിത്ബാല ആചാര്യ 1,836 വോട്ടുകളും ബി.ജെ.പി സ്ഥാനാർത്ഥി ഗീതാഞ്ജലി പധിഹാരി 6,633 വോട്ടുകളും നേടി.30 വാർഡുള്ള നഗരസഭയിൽ ബി.ജെ.ഡിക്ക് 17ഉം ബി.ജെ.പിക്ക് ഒന്നും കോൺഗ്രസിന് ആറും സീറ്റുകളാണ് ലഭിച്ചത്. ഗുൽമാക്കി അടക്കം അഞ്ച് സ്വതന്ത്രരും വിജയിച്ചു.