ദില്ലി: ജമ്മുകശ്മീർ സ്വദേശി ഗുലാം അലിയെ രാജ്യസഭാ എംപിയായി രാഷ്ട്രപതി നോമിനിറ്റ് ചെയ്തു. ഗുർജ്ജർ മുസ്ലിം വിഭാഗത്തിൽ നിന്ന് രാജ്യസഭയിൽ എത്തുന്ന ആദ്യ ആളാണ് ഗുലാം അലി. ഗുർജ്ജർ മുസ്ലിം വിഭാഗത്തിന് ലഭിക്കുന്ന അംഗീകാരമാണെന്ന് എന്ന് ബിജെപി വ്യക്തമാക്കി. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു ശനിയാഴ്ചയാണ് ഗുലാം അലിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ബിജെപിയുടെ ഐടി സെൽ തലവൻ അമിത് മാളവ്യ ഈ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തി.
ജമ്മു കശ്മീരിൽനിന്ന് ഗുർജാർ മുസ്ലീമായ ഗുലാം അലിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നിയമിച്ചെന്നും ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പ്, ഗുർജർ സമുദായത്തെ അവഗണിക്കുകയായിരുന്നെന്നും അവർക്ക് എല്ലാ സാമൂഹിക ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരുന്നെന്നും മാളവ്യ ട്വീറ്റ് ചെയ്തു. ജമ്മുവിലെ ബത്തിണ്ടിയിൽ താമസിക്കുന്നയാളാണ് ഗുലാം അലി. കഴിഞ്ഞ 24 വർഷമായി ബിജെപിയുമായി ബന്ധമുള്ള അദ്ദേഹം പാർട്ടിയുടെ എസ്‌സി/എസ്ടി സെല്ലിന്റെ വക്താവാണ്.