ന്യൂഡൽഹി: ഇന്ത്യയെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ടിറങ്ങിയ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ മുന്നിൽ നിശ്ചയ ദാർഢ്യത്തോടെ നിന്ന വ്യക്തിയാണ് ഗുരു ഗോവിന്ദ് സിങ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിൽ നടന്ന വീർ ബാൽ ദിവാസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അവസാനത്തെ സിഖ് ഗുരുവായ ഗുരു ഗോവിന്ദ് സിങ്ങിനെയും കുടുംബത്തെയും അനുസ്മരണാർഥം നടന്ന പരിപാടിയായിരുന്നു അത്.
ഔറംഗസേബിന്റെ പടനീക്കത്തെ മലപോലെ ചെറുത്ത വ്യക്തിയായിരുന്നു ഗോവിന്ദ് സിങ് എന്നും മോദി അനുസ്മരിച്ചു. ഗുരുഗോവിന്ദ് സിങ്ങിന്റെ കുട്ടികളെ വാൾമുനയിൽ നിർത്തി മതംമാറ്റാനായിരുന്നു ഔറംഗസേബിന്റെ പദ്ധതിയെന്നും മോദി ആരോപിച്ചു.
സാഹിബ്‌സാദുകളുടെ മാതൃകാപരമായ ധൈര്യത്തിന്റെ കഥയെക്കുറിച്ച് പൗരന്മാരെ, പ്രത്യേകിച്ച് കൊച്ചുകുട്ടികളെ അറിയിക്കാനും ബോധവത്കരിക്കാനും രാജ്യത്തുടനീളം സംവേദനാത്മകവും പങ്കാളിത്തപരവുമായ പരിപാടികൾ സർക്കാർ സംഘടിപ്പിച്ചിട്ടുണ്ട്. ഗുരു ഗോവിന്ദ് സിങ്ങിന്റെ മക്കളായ സാഹിബ്സാദ സൊരാവർ സിങ്ങിന്റെയും സാഹിബ്സാദ ഫത്തേ സിങ്ങിന്റെയും രക്തസാക്ഷിത്വത്തിന്റെ സ്മരണയ്ക്കായി ഡിസംബർ 26 ‘വീർബാൽ ദിവസ്’ ആയി ആചരിക്കുമെന്ന് ജനുവരി 9 ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു.