ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെ, ചെങ്കോട്ടയ്ക്കു സുരക്ഷാ കവചം തീർത്ത് വിവിധ സുരക്ഷാ ഏജൻസികൾ. സിഖ് ഗുരു തേജ് ബഹാദുറിന്റെ 400ാം ജന്മദിനവുമായി ബന്ധപ്പെട്ടാണ് ചെങ്കോട്ടയിൽനിന്ന് പ്രധാനമന്ത്രി രാജ്യത്തോട് സംവദിക്കുന്നത്. ഡൽഹി പൊലീസിലെ ആയിരത്തോളം വരുന്ന ഉദ്യോഗസ്ഥർക്കു പിന്നാലെ വിവിധ ഏജൻസികളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സൂര്യാസ്തമനത്തിനു ശേഷം ചെങ്കോട്ടയിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
ചെങ്കോട്ടയുടെ പരിസരത്ത് 100 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരോ ക്യാമറകളിൽനിന്നുമുള്ള ദൃശ്യങ്ങൾ പ്രത്യേകം നിരീക്ഷിക്കുന്നതിനായി പ്രദേശത്തു തന്നെ പൊലീസിന്റെ പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എൻഎസ്ജി സ്നിപ്പേഴ്സ്, സ്പെഷൽ വെപ്പൻസ് ആൻഡ് ടാസ്ക് ഫോഴ്സ്( SWAT) കമാൻഡോസ്, കൈറ്റ് ഹൻഡേഴ്സ്, പ്രത്യേക പരീശീലനം ലഭിച്ച ഡോഗ് സ്ക്വാഡ്, ഉയർന്ന കെട്ടിടങ്ങളിൽ നിലയുറപ്പിച്ച ഷാർപ്പ് ഷൂട്ടർമാർ എന്നിവർ സുരക്ഷാ സംഘത്തിന്റെ ഭാഗമാണ്.
സ്വാതന്ത്ര്യ ദിനത്തിനു സമാനമായി, വിവിധ സുരക്ഷാ സംവിധാനങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും ചരിത്ര സ്മാരകമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ജഹാംഗിർപുരിൽ സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെയാകും മുന്നോട്ടു നീങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായി ചാന്ദ്നി മഹൾ, ഹൗസ് ഖാസി എന്നീ പ്രദേശങ്ങളിൽ കേന്ദ്ര പൊലീസ് സേനയെ വിന്യസിച്ചുണ്ടെന്നും പൊലീസ് അറിയിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സിഖ് ഗുരു തേജ് ബഹാദുറിന്റെ 400ാം ജന്മദിനം ചെങ്കോട്ടയിൽ വർണാഭമായി ആഘോഷിക്കുന്നത്. കേന്ദ്ര സാംസ്കാരിക– ടൂറിസം വകുപ്പു പ്രകാരം 400 സിഖ് സംഗീതഞ്ജർ ‘ശബാദ് കീർത്തൻ’ ആലപിക്കും. ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മറ്റിയുമായി ചേർന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ദേശീയ– രാജ്യാന്തര തലത്തിലെ വിവിധ നേതാക്കളും വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും.