ഗുരുവായൂർ : ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോൺ കോൾ പരിഭ്രാന്തി സൃഷ്ടിച്ചു. ശനിയാഴ്ച രാത്രി ഒമ്പതിനാണ് തിരുവനന്തപുരം പോലീസ് കൺട്രോൾ സെല്ലിലേക്ക് സന്ദേശമെത്തിയത്. തുടർന്ന് പോലീസ് ക്ഷേത്രത്തിലെത്തി ഭക്തരെ ഒഴിപ്പിച്ചിരുന്നു. പോലീസ് അന്വേഷണത്തിൽ വ്യാജഭീഷണിയാണെന്ന് കണ്ടെത്തി. വ്യാജ സന്ദേശത്തിന് പിന്നിലുള്ളയാളെ തിരിച്ചറിഞ്ഞെന്ന് പോലീസ് പറഞ്ഞു. ഗുരുവായൂർ നെന്മിനിയിൽ താമസിക്കുന്ന സജീവൻ കോളിപ്പറമ്പിൽ എന്നയാളാണ് ഫോൺ സന്ദേശത്തിന് പിന്നിൽ. കളക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരിൽ നേരത്തേ തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു.