തൃശൂര്‍: വേദങ്ങളിലെ നന്മയുടെ അംശങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നേറാന്‍ കഴിയണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ഗുരുവായൂര്‍ ദേവസ്വം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വേദിക് ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വേദങ്ങള്‍ വ്യാഖ്യാനിക്കാന്‍ ഒരു പാട് സാധ്യതകളുണ്ട്. മനുഷ്യര്‍ക്ക് നന്മ ചെയ്യുന്നതിനാകണം വ്യാഖ്യാനത്തില്‍ പ്രാധാന്യം നല്‍കേണ്ടത്. വേദങ്ങളിലെ നന്മയുടെ അംശങ്ങള്‍ ഉള്‍ക്കൊണ്ട് പോകണം. ദേവസ്വം വേദപഠന ഇന്‍സ്റ്റിറ്റ്യൂട്ട് വലിയ സ്ഥാപനമായി മാറാനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ദേവസ്വത്തിലുണ്ട്. വേദ-സംസ്‌കാരപഠനകേന്ദ്രം തുടങ്ങിയ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
പുന്നത്തൂര്‍ ആനക്കോട്ടയിലെ നവീകരിച്ച പാര്‍ക്കിങ്ങ് യാര്‍ഡിന്റെ സമര്‍പ്പണവും കൃഷ്ണനാട്ടം ആട്ടപ്രകാരം രണ്ടാം ഭാഗത്തിന്റെ പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു.ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് കൃഷ്ണനാട്ടം ആട്ടപ്രകാരം രണ്ടാം ഭാഗം ഏറ്റുവാങ്ങി. ചടങ്ങില്‍ വേദ-സംസ്‌കാര പഠനകേന്ദ്രത്തിന്റെ രൂപീകരണത്തിന് സഹായം നല്‍കിയ വിദഗ്ധ സമിതി അംഗങ്ങളെയും കൃഷ്ണനാട്ടം ആട്ടപ്രകാരം രചനയില്‍ സഹായം നല്‍കിയവരെയും മന്ത്രി ആദരിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ചടങ്ങില്‍ അധ്യക്ഷനായി. ഭരണസമിതി അംഗം വി ജി രവീന്ദ്രന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ എന്‍ കെ അക്ബര്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് വിശിഷ്ടാതിഥിയായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറ സുരേന്ദ്രന്‍ ,കെ ആര്‍ ഗോപിനാഥ്, മനോജ് ബി നായര്‍ , വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരി നാരായണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ സന്നിഹിതരായി.