പാലക്കാട്: ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ തീരുമാനം പ്രശ്നം കൂടുതൽ സങ്കീർണമാക്കുമെന്ന് കാണിച്ച് വനം മന്ത്രി, സെക്രട്ടറി, ഉന്നത വനം ഉദ്യോഗസ്ഥർക്ക് കത്ത്. ഇടുക്കി ചിന്നക്കനാലിലെ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് അടിയന്തിരമായി തടയണമെന്ന് പെരിയാർ കടുവ സങ്കേതത്തിലെ മുൻ സാമൂഹ്യ ശാസ്ത്രജ്ഞൻ എസ്. ഗുരുവായൂരപ്പനാണ് ആവശ്യപ്പെട്ടത്.
ഇത്തരം വിഷയങ്ങളിൽ പ്രത്യേകിച്ച് മനുഷ്യ -വന്യജീവി സംഘർഷം കുറക്കുന്നതിനായി ദേശീയ തലത്തിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി പ്രവർത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ അരിക്കൊമ്പനെ സ്വന്തം ആവാസ മേഖലയിൽത്തന്നെ നിലനിർത്തി, അരി കഴിക്കുന്ന ശീലം മാറ്റുന്നതിനുള്ള നടപടികൾ നടത്തണമെന്നാണ് നിർദ്ദേശം വച്ചിരിക്കുന്നത്. ഹൈക്കോടതി ആദ്യം അഭിപ്രായപ്പെട്ട പ്രകാരം ആനയെ നിരീക്ഷിച്ച് ഭാവി പരിപാടികൾ ആസൂത്രണം നടത്തുന്നതാണ് നല്ലതെന്നും എസ് ഗുരുവായൂരപ്പന്‍ അഭിപ്രായപ്പെട്ടു. അരിക്കൊമ്പനെ പറമ്പികുളത്തിൽ വിട്ടാൽ ആകാശീയ ദൂരം കണക്കാക്കിയാൽ ഏകദേശം നൂറ് കിലോമീറ്റർ മാത്രം ദൂരമുള്ള ചിന്നക്കനാലിലെലേക്ക് തിരിച്ചെത്താൻ രണ്ടോ മൂന്നോ ദിവസം മതി. യാത്രക്കിടയിൽ പുതുതായി ഉണ്ടായേക്കാവുന്ന ദുരന്തങ്ങൾ സമൂഹം സഹിക്കുകയും വേണം. ഇനി പറമ്പികുളത്തുതന്നെ നിലയുറപ്പിക്കുകയാണെങ്കിൽ അവിടുത്തെ ആനകളുമായി മത്സരിക്കേണ്ടി വരും. മാത്രമല്ല അരി ഭക്ഷിക്കുന്നതിനായി ഏതെങ്കിലും വനവാസി ഊരുകളിൽ എത്തിയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഊഹിക്കുന്നതിലുമേറെയാണ്.
ചിന്നക്കനാൽ തുടങ്ങിയ മേഖലകളിലെ ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിൽ താത്കാലികമായും സ്ഥിരമായും മാറ്റിപ്പാർപ്പിക്കുന്നതിനും വന്യജീവി സൗഹൃദ മാതൃകാ പദ്ധതികളിലൂടെ തദ്ദേശവാസികൾക്ക് തൊഴിൽ കണ്ടെത്തി നൽകാനുള്ള പദ്ധതികൾ ഉൾപ്പെടുത്തി വനം മന്ത്രിയുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കും, ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിക്കും കഴിഞ്ഞ ദിവസം നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നുവെങ്കിലും അവയൊന്നും പരിഗണിക്കാതെ തീറ്റയും വെള്ളവും യഥേഷ്‌ടം കിട്ടുമെന്ന നിഗമനത്തിൽ മാത്രം റിപ്പോർട്ട് സമർപ്പിച്ചത് വന്യജീവികളോടും സമൂഹത്തോടുമുള്ള വലിയ ചതിയായിപ്പോയി എന്നും എസ് ഗുരുവായൂരപ്പൻ പറഞ്ഞു.