വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടത് ശരീരത്തിന്റെ ആകമാന സൗഖ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്. ദഹനത്തിലും പോഷണത്തിന്റെ ശരിയായ ആഗീരണത്തിലും പ്രതിരോധ ശക്തിയിലുമെല്ലാം വയറിന്റെ ആരോഗ്യം മുഖ്യ പങ്ക് വഹിക്കുന്നു. സന്തുലിതമായ ഭക്ഷണക്രമം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെല്ലാം വയറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇതിന് പുറമേ ഇനി പറയുന്ന നാലു വൈറ്റമിനുകളും ഇക്കാര്യത്തില്‍ സഹായകമാണ്. ‘
1. വൈറ്റമിന്‍ എ
കണ്ണിന്റെ ആരോഗ്യത്തിനും പ്രതിരോധ ശക്തിക്കും മാത്രമല്ല ദഹനനാളിയുടെ ഉള്ളിലുള്ള ആവരണത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിലും വൈറ്റമിന്‍ എ പ്രധാന പങ്ക് വഹിക്കുന്നു. പോഷണങ്ങള്‍ ശരിയായി ഭക്ഷണത്തില്‍ നിന്ന് വലിച്ചെടുക്കാനും ദോഷകരമായ വസ്‌തുക്കള്‍ രക്തപ്രവാഹത്തില്‍ പ്രവേശിക്കുന്നത് തടയാനും ദഹനനാളി ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കരള്‍, മീനെണ്ണ, മുട്ട, കാരറ്റ്, മധുരകിഴങ്ങ്, ചീര, മാമ്പഴം എന്നിവയെല്ലാം വൈറ്റമിന്‍ എയുടെ സമ്പുഷ്ട സ്രോതസ്സുകളാണ്.
2. വൈറ്റമിന്‍ ഡി
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വൈറ്റമിന്‍ ഡി വയറിന്റെ ആരോഗ്യത്തെയും കാത്തുരക്ഷിക്കുന്നു. വയറില്‍ നീര്‍ക്കെട്ടും അണുബാധയും നിയന്ത്രിക്കാന്‍ വൈറ്റമിന്‍ ഡി സഹായകമാണ്. വൈറ്റമിന്‍ ഡിയുടെ അഭാവം ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ്, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. സൂര്യപ്രകാശത്തിന് പുറമേ മത്തി, സാല്‍മണ്‍ പോലുള്ള മീനുകള്‍, സമ്പുഷ്ടീകരിച്ച പാലുത്‌പന്നങ്ങള്‍, മുട്ടയുടെ മഞ്ഞ, കൂണ്‍ എന്നിവയും വൈറ്റമിന്‍ ഡി ശരീരത്തിന് നല്‍കും.
3. ബി വൈറ്റമിനുകള്‍
തയാമിന്‍(വൈറ്റമിന്‍ ബി1), റൈബോഫ്‌ളേവിന്‍(വൈറ്റമിന്‍ ബി2), നിയാസിന്‍(വൈറ്റമിന്‍ ബി3), പിരിഡോക്‌സിന്‍(വൈറ്റമിന്‍ ബി6), ഫോളേറ്റ്(വൈറ്റമിന്‍ ബി9), കൊബാലമിന്‍(വൈറ്റമിന്‍ ബി12) എന്നിവയും ആരോഗ്യകരമായ വയറിന് ഒഴിച്ചു കൂടാനാകാത്ത പോഷണങ്ങളാണ്. ഇവ ഊര്‍ജോൽപാദനത്തിലും നാഡീവ്യൂഹത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിലും ചുവന്ന രക്തകോശങ്ങളുടെ ഉത്‌പാദനത്തിലും സഹായകമാണ്. വയറിലെ ഉപകാരപ്രദമായ ബാക്ടീരിയകളുടെ വളര്‍ച്ചയെയും ബി വൈറ്റമിനുകള്‍ പ്രോത്സാഹിപ്പിക്കുന്നു. ഹോള്‍ ഗ്രെയ്‌നുകള്‍, പയര്‍ വര്‍ഗങ്ങള്‍, പച്ചിലകള്‍, മാംസം, മീന്‍, മുട്ട എന്നിവയെല്ലാം ബി വൈറ്റമിനുകളെ ശരീരത്തിന് നല്‍കുന്നു.
4. വൈറ്റമിന്‍ സി
പ്രതിരോധശക്തിയെ ശക്തിപ്പെടുത്തുന്ന വൈറ്റമിന്‍ സിയും വയറിന്റെ ആരോഗ്യ കാര്യത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ വയറിന്റെ ആവരണത്തെ ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്നും നീര്‍ക്കെട്ടില്‍ നിന്നും സംരക്ഷിക്കുന്നു. വയറിന് ഉപകാരപ്രദമായ കൊളാജന്‍ എന്ന പ്രോട്ടീന്റെ ഉത്‌പാദനത്തിലും വൈറ്റമിന്‍ സി നിര്‍ണായക പങ്ക് വഹിക്കുന്നു. സിട്രസ് പഴങ്ങള്‍, ബെറി പഴങ്ങള്‍, കിവി, പച്ചിലകള്‍ എന്നിവയിലെല്ലാം വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നു.