ഗുവാഹതി: വികൃതി കാണിച്ച അഞ്ചുവയസുള്ള വളർത്തുമകളെ പൊള്ളുന്ന വെയിലിൽ ടെറസിൽ കെട്ടിയിട്ട സംഭവത്തിൽ അസമിലെ പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. സംഗീത ദത്തയും ഭർത്താവ് ഡോ. വാലിയുൽ ഇസ്ലാമും അറസ്റ്റിൽ. കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഡോ. സംഗീതയെ മേഘാലയയിലെ റിഭോയിൽ നിന്നാണ് പിടികൂടിയത്. ഡോ. വാലിയുലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ദത്തെടുത്ത കുഞ്ഞിനോടാണ് ഇരുവരും ക്രൂരത കാട്ടിയത്. വികൃതി കാണിച്ച മകളെ ഇരുവരും ചേർന്ന് ടെറസിൽ തൂണിൽ കെട്ടിയിട്ടെന്നാണ് കേസ്. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളുടെ ഇടപെടലിലൂടെയാണ് സംഭവം പുറത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
നേരത്തെ അറസ്റ്റിലായ ഡോ. വാലിയുൽ ഇസ്ലാം അഞ്ച് ദിവസമായി കസ്റ്റഡിയിലാണ്. സംഭവത്തിൽ പങ്കുള്ള വീട്ടുജോലിക്കാരി ലക്ഷ്മി റായിയും കേസിൽ അറസ്റ്റിലായിട്ടുണ്ട്.
മിഗ്വേൽ ദാസ് എന്ന ആക്ടിവിസ്റ്റാണ് തന്‍റെ ഫേസ്ബുക് പേജിലൂടെ ഡോക്ടർ ദമ്പതിമാരുടെ ക്രൂരത ആദ്യമായി പുറലോകത്തെ അറിയിച്ചത്. കനത്ത വെയിലേറ്റ് കുട്ടിയുടെ ദേഹം മുഴുവൻ പൊള്ളലേറ്റിരുന്നു.












