ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലും ഒരുമിച്ച് വാദം കേൾക്കാൻ കോടതി ഉത്തരവ്. വാരണാസി ജില്ലാ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ ഫയൽ ചെയ്തിട്ടുള്ള എട്ട് കേസുകളിലാണ് ജില്ലാ കോടതി ഒരുമിച്ച് വാദം കേൾക്കുക.ശിവലിംഗമാണെന്ന് ‘ഹിന്ദുത്വ’ പക്ഷം അവകാശപ്പെട്ട വാരാണസി ഗ്യാൻവാപി പള്ളിയിലെ വുദുഖാനയിലെ ജലധാരയുടെ കാലപ്പഴക്കം നിർണയിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്ന അലഹബാദ് ഹൈകോടതി വിധി സുപ്രീംകോടതി കഴിഞ്ഞ ദിവസം താൽക്കാലികമായി മരവിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാറിനും ഉത്തർപ്രദേശ് സർക്കാറിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ എതിർപ്പ് പരിഗണിച്ചാണ് വിധി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇനിയൊരുത്തരവ് വരെ മരവിപ്പിച്ചത്.
അലഹബാദ് ഹൈകോടതി ഉത്തരവ് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഗ്യാൻവാപി പള്ളി കമ്മിറ്റിയുടെ അപ്പീലിന് മറുപടി നൽകാൻ കേന്ദ്ര സർക്കാറിനോടും യു.പി സർക്കാറിനോടും നിർദേശിച്ചിട്ടുണ്ട്. മേയ് 22ന് കാർബൺ പരിശോധന നടത്താനിരിക്കുകയാണെന്നും അത് തടയണമെന്നും പള്ളി നടത്തിപ്പുകാരായ അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് പരിപാലന കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസൈഫ അഹ്മദി ആവശ്യപ്പെട്ടപ്പോൾ ഈ വിഷയം ശ്രദ്ധയോടെ പരിശോധിക്കേണ്ടതല്ലേ എന്ന് ചീഫ് ജസ്റ്റിസ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു.
അതെയെന്ന് മറുപടി നൽകിയ എസ്.ജി ഒരു കൂട്ടർ ശിവലിംഗമാണെന്നും മറുവിഭാഗം ജലധാരയാണെന്നും പറയുന്ന നിർമിതിക്ക് ഒരു തകരാറും പറ്റരുതെന്നും കൂട്ടിച്ചേർത്തു. ഗ്യാൻവാപി പള്ളിയിലെ വുദുഖാനയിലെ ജലധാര ശിവലിംഗമാണെന്ന തർക്കത്തിന് ബലം നൽകുന്ന തരത്തിൽ കാർബൺ പരിശോധനക്കുള്ള വാരാണസി കോടതി ഉത്തരവിനെതിരായ അപ്പീൽ നിലനിൽക്കുമ്പോഴാണ് അലഹബാദ് ഹൈകോടതി വിധിയെന്ന് അഹ്മദി ബോധിപ്പിച്ചു.
പള്ളി കമ്മിറ്റിയുടെ പ്രത്യേകാനുമതി ഹരജി ആദ്യ ഹരജിക്കൊപ്പം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. അതിനിടെ സുപ്രീംകോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് തേടണമെന്ന് ‘ഹിന്ദു കക്ഷികൾ’ക്ക് വേണ്ടി ഹാജരായ അഡ്വ. വിഷ്ണു ശങ്കർ ജെയിൻ ആവശ്യപ്പെട്ടു. എന്നാൽ സോളിസിറ്റർ ജനറൽ നിർദേശത്തെ എതിർത്തു. സോളിസിറ്റർ ജനറലിന്റെ വാദം അംഗീകരിച്ച് സാഹചര്യം പരിഗണിച്ച് അലഹബാദ് ഹൈകോടതി ഉത്തരവ് മരവിപ്പിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ചു.
അതിനിടെ കേന്ദ്ര സർക്കാർ എ.എസ്.ഐയുമായി കൂടിയാലോചന നടത്തുമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു. തർക്കത്തിൽ സുപ്രീംകോടതിക്ക് അൽപം ശ്രദ്ധയോടെ നീങ്ങേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രശ്നപരിഹാരത്തിന് തങ്ങൾക്ക് മുന്നിലുള്ള വഴികൾ എന്തെന്ന് കേന്ദ്രവും യു.പിയും ആലോചിക്കണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.