സാധാരണയേക്കാൾ കൂടുതൽ തവണ ടോയ്‌ലറ്റിൽ പോകാറുണ്ടോ? എങ്കില്‍ ഇത് തൈറോയ്ഡ് ക്യാൻസറിന്‍റെ ഒരു ലക്ഷണമാകാം എന്നാണ് പുതിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. സാധാരണയേക്കാൾ കൂടുതൽ തവണ ടോയ്‌ലറ്റിൽ പോകുന്നത് കാൽസിറ്റോണിൻ എന്ന ഹോർമോണിന്റെ അളവ് വർധിക്കുന്നതുമൂലമാണ്. ഈ ഹോര്‍മോണ്‍ തൈറോയ്ഡ് ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനാല്‍ തൈറോയ്ഡ് ക്യാൻസറിന്‍റെ ഒരു ലക്ഷണമാണ് വയറിളക്കം എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴുത്തിന്‍റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയ്ഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണുള്ളത്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തൈറോയ്ഡ് കോശങ്ങളുടെ അനിയത്രീതമായ അവസ്ഥ തൈറോയ്ഡ് ക്യാൻസറിന് കാരണമാകാറുണ്ട്. പുരുഷന്മാരേ അപേക്ഷിച്ച് സ്ത്രീകളിൽ തൈറോയ്ഡ് ക്യാൻസറിനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
കഴുത്തിന്‍റെ മുൻഭാഗത്ത് മുഴകൾ ഉണ്ടാകുന്നതാണ് തൈറോയ്ഡ് ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണം. കഴുത്തിന്റെ വശങ്ങളിൽ കഴലകളിൽ വരുന്ന ഉറപ്പുകൂടിയ മുഴകളായും തൈറോയ്ഡ് ക്യൻസർ പ്രത്യക്ഷപ്പെടാം. ശബ്ദത്തിലെ മാറ്റങ്ങൾ, ചുമയ്ക്കുമ്പോൾ രക്തം വരിക, വിഴുങ്ങാനും ശ്വസിക്കാനുമുള്ള ബുദ്ധിമുട്ട്, കഴുത്തിനടിയിലെ അസ്വസ്ഥത എന്നിവയും ഉണ്ടാകാം. കഴുത്തു വേദന, അപ്രതീക്ഷിതമായി ഭാരം കുറയുക, ചര്‍മ്മത്തിലെ നിറവ്യത്യാസം തുടങ്ങിയവയും തൈറോയ്ഡ് ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.