കൊതുകുകള്‍ പരത്തുന്ന ഗൗരവസ്വഭാവമുള്ള പല രോഗങ്ങളുമുണ്ട്. മലേരിയ, ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി എന്നിവയെല്ലാമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവ. പലപ്പോഴും രോഗലക്ഷണങ്ങളിലെ സമാനതകള്‍ മൂലം ഡെങ്കിപ്പനിയും ചിക്കുൻ ഗുനിയയുമെല്ലാം തിരിച്ചറിയാൻ സമയമെടുക്കുകയോ, തിരിച്ചറിയാൻ സാധിക്കാതിരിക്കുകയോ ചെയ്യാറുണ്ട്.
രണ്ട് രോഗങ്ങള്‍ക്കും പ്രത്യേകമായി ചികിത്സയില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍ രോഗത്തിന്‍റെ ലക്ഷണമായി വരുന്നതോ അനുബന്ധമായി വരുന്നതോ ആയ ആരോഗ്യപ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കുമെല്ലാം ചികിത്സ തേടാവുന്നതാണ്. ഇത്തരത്തില്‍ തന്നെയാണ് രണ്ട് രോഗവും ബാധിച്ചവര്‍ക്ക് ചികിത്സ നല്‍കാറുള്ളതും.
ചിക്കുൻ ഗുനിയ…
ആദ്യമേ സൂചിപ്പിച്ചത് പോലെ കൊതുകുകളിലൂടെയാണ് ചിക്കുൻ ഗുനിയ പരത്തുന്ന രോഗകാരികള്‍ രോഗം പരത്തുന്നത്. കാര്യമായും സന്ധികളെയും പേശികളെയുമാണ് രോഗം ബാധിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രത കൂടിയ പനി, സന്ധിവേദന, തലവേദന, തളര്‍ച്ച, ചര്‍മ്മത്തില്‍ നിറവ്യത്യാസം, ഓക്കാനം, കണ്ണുകളില്‍ ചുവപ്പുനിറം എന്നിവയെല്ലാം ലക്ഷണമായി വരാം. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ചികിത്സയിലൂടെ ലഘൂകരിച്ചെടുക്കാവുന്നതേയുള്ളൂ.
ഡെങ്കിപ്പനി…
‘ഏയ്ഡിസ് ഏജെപ്തി’ കൊതുകുകളിലൂടെയാണ് പ്രധാനമായും ഡെങ്കിപ്പനി പരക്കുന്നത്. ഡെങ്കിപ്പനി രണ്ട് രീതിയില്‍ കാണാം. ഒന്ന് അത്ര ഗൗരവമല്ലാത്ത അവസ്ഥയാണ്. ഇതിലും പക്ഷേ തീവ്രത കൂടിയ പനി ലക്ഷണമായി വരാം. ഒപ്പം ജലദോഷം, ചുമ പോലുള്ള പ്രശ്നങ്ങളും. ഗൗരവതരമായ രീതിയില്‍ ഡെങ്കിപ്പനി ബാധിച്ചാല്‍ അത് രക്തസ്രാവം, രക്തകോശങ്ങളില്‍ ക്രമാതീതമായ കുറവ്, ബിപി അപകടകരമായി താഴുന്ന അവസ്ഥ എന്നിങ്ങനെ രോഗിയുടെ ജീവൻ തന്നെ ഭീഷണിയിലാകുന്ന തരത്തിലുള്ള പ്രശ്നങ്ങളിലേക്കെത്താം.
ഇവയെ എങ്ങനെ വേര്‍തിരിച്ചറിയാം?
രണ്ട് രോഗങ്ങളിലും പനി ഒരു സുപ്രധാന ലക്ഷണമാണ്. അതുപോലെ തന്നെ തലവേദന, ശരീരവേദന, തളര്‍ച്ച, ഓക്കാനം പോലുള്ള പ്രശ്നങ്ങളെല്ലാം പൊതുവില്‍ രണ്ട് രോഗത്തിന്‍റെയും ഭാഗമായി വരാം. ഇതെല്ലാം ആശയക്കുഴപ്പങ്ങളിലേക്ക് നയിക്കാം.
എന്നാല്‍ ചില ലക്ഷണങ്ങളിലെ വ്യത്യാസങ്ങള്‍ വച്ച് രണ്ട് രോഗത്തെയും തിരിച്ചറിയാൻ സാധിക്കും. എങ്ങനെയെന്നാല്‍ ശരീരവേദന തന്നെ, ഉദാഹരണമായി എടുക്കാം. ഡെങ്കിപ്പനിയിലെ ശരീരവേദന ചിക്കുൻ ഗുനിയയിലേതിനെക്കാള്‍ തീവ്രത കൂടിയതായിരിക്കും. പക്ഷേ ചിക്കുൻ ഗുനിയയില്‍ സന്ധിവേദന രൂക്ഷമായിരിക്കും. ഇവ തിരിച്ചറിയാൻ സാധിക്കണം.
അതുപോലെ ഡെങ്കിപ്പനിയില്‍ പ്ലേറ്റ്ലെറ്റ് എന്ന രക്താണു കുറയുന്നത് പോലെ അത്ര ലെവലില്‍ ഒരിക്കലും ചിക്കുൻ ഗുനിയയില്‍ സംഭവിക്കില്ല.
ഇനി ലിംഫ് നോഡുകളിലെ വ്യത്യാസം കൂടി നോക്കാം. നമ്മുടെ കഴുത്തിലും മറ്റുമുള്ള ലിംഫ് നോഡുകള്‍ ഡെങ്കിപ്പനിയിലാണെങ്കില്‍ വീങ്ങിനില്‍ക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം ചിക്കുൻ ഗുനിയയിലാണെങ്കില്‍ ഇങ്ങനെ സംഭവിക്കില്ല.
ചിക്കുൻ ഗുനിയയില്‍ ചര്‍മ്മത്തില്‍ ചുവന്ന നിറത്തില്‍ തിണര്‍പ്പുണ്ടാകുന്നത് മുഖത്തും കൈകളിലും കാലുകളിലും പാദങ്ങളിലുമെല്ലാം കാണാം. എന്നാല്‍ ഡെങ്കിപ്പനിയിലാകട്ടെ ഇത് പരിമിതമായ രീതിയിലേ കാണപ്പെടൂ.
ഡെങ്കിപ്പനിയില്‍, സാധാരണഗതിയില്‍ രണ്ട് മുതല്‍ ഏഴ് ദിവസം വരെയെല്ലാമാണ് രോഗിയില്‍ ലക്ഷണങ്ങളും മറ്റ് പ്രയാസങ്ങളുമെല്ലാം കാണുകയെങ്കില്‍ ചിക്കുൻ ഗുനിയയില്‍ ഒന്നോ രണ്ടോ ആഴ്ച ഇത് നീണ്ടുനില്‍ക്കാം. ഇത്തരത്തിലുള്ള വ്യത്യാസങ്ങളിലൂടെയെല്ലാം രണ്ട് രോഗങ്ങളും വേര്‍തിരിച്ച് മനസിലാക്കാൻ സാധിക്കും. എന്തായാലും രോഗലക്ഷണങ്ങള്‍ ഏതെങ്കിലും വിധത്തില്‍ സങ്കീര്‍ണത സൃഷ്ടിക്കുകയാണെങ്കില്‍ കാത്തുനില്‍ക്കാതെ തന്നെ ചികിത്സ തേടേണ്ടതുണ്ട്. പ്രത്യേകിച്ച് രക്തസ്രാവം പോലുള്ള ലക്ഷണങ്ങള്‍ കാണുമ്പോള്‍. കാരണം ഡെങ്കിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയായി വരാവുന്നതാണ്.