തിരുവനന്തപുരം: പ്രത്യേക ഇനം വവ്വാലുകളില്‍ അപൂര്‍വ്വമായി കണ്ടുവരുന്ന നിപ വൈറസിന്റെ പ്രസ്തുത വകഭേദം ഏത് രീതിയിലാണ് മനുഷ്യനിലേക്ക് എത്തുന്നത് എന്നത് ഇന്നും ഐസിഎംആറിനും ഉത്തരമില്ലാത്ത ചോദ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇത് കണ്ടെത്തുന്നതിനും നിപ അണുബാധ കാരണം മനുഷ്യജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുമായി വണ്‍ ഹെല്‍ത്ത് പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ജില്ലയിലേക്ക് വ്യാപിപ്പിക്കുകയും ഗവേഷണപ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ട്രൂനാട്ട് ടെസ്റ്റുകള്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ ഹൈറിസ്‌ക് മേഖലകളിലും സ്ഥാപിക്കാനുള്ള ഉദ്യമം തുടങ്ങിയിട്ടുണ്ടെന്നും അതിനുള്ള പരിശീലനം ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.
നിപ ബാധയില്‍ ശ്രദ്ധ കുറയ്ക്കാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തന്നെ സമ്പര്‍ക്കം ഉണ്ടായി രണ്ടാഴ്ചയ്ക്കു ശേഷവും രോഗികളെ കണ്ടെത്തിയിട്ടുള്ള അനുഭവങ്ങളുണ്ട്. നിപ രോഗത്തിന്റെ ഇന്‍ക്യൂബേഷന്‍ സമയത്തിന്റെ പരിധി 21 ദിവസമാണ്. എങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ രോഗികള്‍ ഇല്ല എന്നത് ആശ്വാസം പകരുന്ന വസ്തുതയാണെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ ഉണ്ടായ നിപ പ്രതിരോധത്തിന്റെ ചില പ്രത്യേകതകള്‍ കൂടി മന്ത്രി ചൂണ്ടിക്കാണിക്കുന്നുണ്ട്.