പൂനൈ: എച്ച്3എൻ2വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരിൽ മെഡിക്കൽ വിദ്യാർത്ഥിയും. 23കാരനായ അഹമ്മദ് നഗർ സ്വദേശിയായ സിവിൽ സർജൻ ഡോ സഞ്ജയ് ഗോഖറെയാണ് കോവിഡ് ബാധിച്ചതിന് ശേഷം എച്ച്3എൻ2 വൈറസ് മൂലം മരിച്ചത്. ഇന്നലെയാണ് മെഡിക്കൽ വിദ്യാർത്ഥി മരണത്തിന് കീഴടങ്ങിയത്.
ഇന്ത്യയില്‍ ആദ്യമായി രണ്ട് മരണം സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ വീണ്ടും രണ്ട് പേര്‍ കൂടി വൈറസ് ബാധയില്‍ മരിച്ചുവെന്നാണ് ആരോഗ്യമന്ത്രി സഭയില്‍ അറിയിച്ചിരിക്കുന്നത്. അതിലൊരാളാണ് മെഡിക്കൽ വിദ്യാർത്ഥിയും. എഴുപത്തിനാലുകാരനാണ് മരിച്ച മറ്റൊരാൾ.
അതേസമയം എച്ച്3എൻ2 ബാധിച്ച് മരണം സംഭവിക്കുകയില്ലെന്നും അനുബന്ധ ആരോഗ്യപ്രശ്നങ്ങളോ മറ്റ് അസുഖങ്ങളോ കൂടി വന്ന് ആരോഗ്യനില അവതാളത്തിലാകുന്നതാണ് മരണത്തിലേക്ക് രോഗിയെ നയിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി തനാജി സാവന്ത് പറഞ്ഞു.
നിലവില്‍ സംഭവിച്ച രണ്ട് മരണങ്ങളുടെയും സൂക്ഷമകാരണത്തിനായി കാത്തിരിക്കുകയാണെന്നും ഇദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ കാര്യമായ രീതിയിലാണ് എച്ച്3എൻ2 കേസുകള്‍ വര്‍ധിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ തുടരുന്നത്. എച്ച്3എൻ2 വ്യാപനത്തിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളുടെ ജാഗ്രത പുലര്‍ത്തണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാരും അറിയിച്ചിരുന്നു.