മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വനിത തീർഥാടകർ മാത്രമുള്ള ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് 5.39ന് IX 3035 വിമാനത്തിലാണ് സ്ത്രീകൾ മാത്രമുള്ള വിത്തൗട്ട് മഹ്റം വിഭാഗത്തിലെ 166 തീർഥാടകർ യാത്രയായത്. മേയ് 23 മുതൽ 28 വരെ 12 വിമാനങ്ങളിലായാണ് വിത്തൗട്ട് മഹ്റം വിഭാഗത്തിലെ സ്ത്രീകൾ യാത്രയാകുന്നത്.
വിത്തൗട്ട് മഹ്‌റം വിഭാഗത്തിൽ കേരളത്തിൽനിന്ന് മൊത്തം 3410 തീർഥാടകരാണുള്ളത്. ഇതിൽ കോഴിക്കോട് എംബാർക്കേഷൻ വഴി 1991 പേരും കൊച്ചി എംബാർക്കേഷൻ വഴി 832 പേരും കണ്ണൂർ എംബാർക്കേഷൻ വഴി 587 പേരുമാണ് വിത്തൗട്ട് മഹ്‌റം വിഭാഗത്തിൽ യാത്രയാകുന്നത്. ഈ വിഭാഗത്തിലുള്ള മൂന്ന് വിമാനങ്ങളാണ് കരിപ്പൂരിൽനിന്ന് പുറപ്പെടുന്നത്.
അതേസമയം, ഇതുവരെ 1494 തീർഥാടകർ ഒമ്പത് വിമാനങ്ങളിലായി കരിപ്പൂരിൽനിന്ന് ഹജ്ജിന് പുറപ്പെട്ടു. ഇതിൽ 688 പുരുഷന്മാരും 806 സ്ത്രീകളുമാണ്. വ്യാഴാഴ്ച കരിപ്പൂരിൽനിന്ന് പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനം IX-3031 സൗദി സമയം പുലർച്ച 4.10നും രണ്ടാമത്തെ വിമാനം IX-3033 സൗദി സമയം ഉച്ചക്ക് 12.16നും ജിദ്ദയിലെത്തി.