ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ആരംഭിച്ചു. സൗദിയിലെ മദീനയില്‍ എത്തിയ ആദ്യ ഹജ്ജ് സംഘത്തിന് ഹൃദ്യമായ വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യ ദിവസം 5 വിമാനങ്ങളിലായി 1500ഓളം തീര്‍ഥാടകര്‍ മദീനയില്‍ എത്തി. ജയ്പൂരില്‍ നിന്നും എയര്‍ ഇന്ത്യയുടെ എ ഐ 5451 വിമാനത്തില്‍ മദീനയിലെത്തിയ ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘത്തില്‍ 256 തീര്‍ഥാടകരാണ് ഉണ്ടായിരുന്നത്. മദീനാ വിമാനത്താവളത്തില്‍ സംഘത്തെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, പത്‌നി ഡോ. ശകീല ഷാഹിദ്, ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് അബ്ദുള്‍ ജലീല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജയ്പൂര്‍, കൊല്‍ക്കത്ത, ലക്‌നൗ എന്നിവിടങ്ങളില്‍ നിന്നും 5 വിമാനങ്ങളിലായി 1500നടുത്ത് തീര്‍ഥാടകര്‍ ഇന്ന് മദീനയിലെത്തി. തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സൌകര്യങ്ങളാണ് പുണ്യസ്ഥലങ്ങളില്‍ ഒരുക്കിയിരിക്കുന്നതെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.
തലഅല്‍ ബദറു അലൈനാ എന്ന ഈരടികളുടെ പശ്ചാത്തലത്തിലാണ് സൗദി ഹജ്ജ് മന്ത്രാലയം പ്രതിനിധികള്‍ ഹജ്ജ് തീര്‍ഥാടകരെ വിമാനത്താവളത്തില്‍ വരവേറ്റത്. മധുരവും സമ്മാനങ്ങളും വിതരണം ചെയ്തു കൊണ്ട് കെ.എം.സി.സി, ആര്‍.എസ്.സി, ഹജ്ജ് വെല്‍ഫെയര്‍ ഫോറം തുടങ്ങിയ കൂട്ടായ്മകളുടെ പ്രതിനിധികളും തീര്‍ഥാടകരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തി.