മലപ്പുറം: ഈ വർഷത്തെ ഹജ്ജ് സർവിസിന് ഇന്ത്യൻ വിമാനകമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുമ്പോൾ കുറഞ്ഞ നിരക്കുമായി സൗദി കമ്പനികൾ. ഇക്കുറി 20 പുറപ്പെടൽ കേന്ദ്രങ്ങളിൽനിന്നാണ് ഹജ്ജ് സർവിസിന് കേന്ദ്ര വ്യോമയാന മന്ത്രാലയം ടെൻഡർ ക്ഷണിച്ചത്. ഇതിൽ 12 ഇടങ്ങളിലാണ് സൗദി കമ്പനികൾ നിരക്ക് സമർപ്പിച്ചത്. ഇവിടെയെല്ലാം ഇന്ത്യൻ കമ്പനികളെക്കാൾ കുറഞ്ഞ നിരക്കാണ് സൗദി കമ്പനികൾ നൽകിയിരിക്കുന്നത്.
കൂടുതൽ തീർഥാടകരുള്ള മുംബൈയിൽ സൗദി എയർലൈൻസിന്റെ നിരക്ക് 889 ഡോളറാണ് (ഏകദേശം 73,500 രൂപ). ഇവിടെ എയർ ഇന്ത്യ നൽകിയിരിക്കുന്ന നിരക്ക് 1,600 ഡോളറാണ് (1.33 ലക്ഷം). ഡൽഹിയിൽ സൗദിയ നൽകിയ നിരക്ക് 964 ഡോളറും (80,000 രൂപ) എയർ ഇന്ത്യയുടേത് 1,420 ഡോളറുമാണ് (1.17 ലക്ഷം). ജയ്പൂരിൽ ഫ്ലൈനാസാണ് ഏറ്റവും കുറഞ്ഞ തുക സമർപ്പിച്ചത്. 1072 ഡോളർ (89,000 രൂപ). ഇവിടെ എയർഇന്ത്യ എക്സ്പ്രസിന്റെ നിരക്ക് 1,815 ഡോളറാണ് (ഒന്നര ലക്ഷം രൂപ). കൊൽക്കത്തയിൽ ഫ്ലൈ അദീലിന്റെ നിരക്കാണ് (1,290 ഡോളർ) കുറഞ്ഞത്.
ഫ്ലൈനാസ് -1,451, സൗദിയ -1,415. ഇവിടെ സ്പൈസ് ജെറ്റിന്റെ നിരക്ക് 1,600 ഡോളറാണ്. ലഖ്നൗവിൽനിന്ന് മൂന്ന് ഇന്ത്യൻ, സൗദി കമ്പനികൾ വീതം പങ്കെടുത്തിട്ടുണ്ട്. ഇവിടെ ഏറ്റവും കുറവ് സൗദിയയാണ്. 1,049 ഡോളർ. ഇന്ത്യൻ കമ്പനികളിൽ സ്പൈസ് ജെറ്റാണ് കുറഞ്ഞ നിരക്ക് സമർപ്പിച്ചത് (1,460 ഡോളർ). അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, നാഗ്പൂർ എന്നിവിടങ്ങളിലും കുറഞ്ഞ നിരക്ക് സൗദി കമ്പനികളുടേതാണ്.
സൗദി കമ്പനികൾ പങ്കെടുക്കാത്ത ഇടങ്ങളിലെല്ലാം നിലവിലുള്ളത് ഉയർന്ന നിരക്കാണ്. ഭോപാലിൽ 1,612 ഡോളറാണ് (സ്പൈസ് ജെറ്റ്) കുറഞ്ഞ നിരക്ക്. ഇവിടെ ഇൻഡിഗോ നൽകിയ നിരക്ക് 2,750 ഡോളറാണ്. ഗയ -1,925 ഡോളർ, ഇൻഡോർ -1,435 ഡോളർ, ശ്രീനഗർ -1,845 ഡോളർ (മൂന്നിടത്തും സ്പൈസ് ജെറ്റ്) എന്നിങ്ങനെയാണ് നിരക്ക്. എയർ ഇന്ത്യ ഇക്കുറി ഡൽഹി, ലഖ്നൗ, മുംബൈ എന്നിവിടങ്ങളിൽ മാത്രമാണ് ടെൻഡർ സമർപ്പിച്ചത്.