കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി നറുക്കെടുപ്പിലൂടെ തയ്യാറാക്കിയ കാത്തിരിപ്പു പട്ടികയിലുള്ള 463 പേര്‍ക്കുകൂടി അവസരം ലഭിച്ചു. ക്രമ നമ്പര്‍ 1,562 മുതല്‍ 2,024 വരെയുള്ള അപേക്ഷകര്‍ക്കാണ് പുതുതായി അവസരം ലഭിച്ചതെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
തീര്‍ഥാടനത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ മുന്‍കൂട്ടി അടവാക്കേണ്ട തുകയും രണ്ടാം ഗഡു തുകയും ഉള്‍പ്പെടെ ഒരാള്‍ക്ക് 2,51,800 രൂപ വീതം ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ ഈ മാസം 15നകം അടക്കണം. ഹജ്ജിന് ആകെ അടക്കേണ്ട തുക, വിമാന യാത്രാ നിരക്ക്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം അപേക്ഷകരുടെ പുറപ്പെടല്‍ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കും.
പുതുതായി അവസരം ലഭിച്ചവര്‍ പണമടച്ച പേ-ഇന്‍ സ്ലിപ്പ്, ഒറിജിനല്‍ പാസ്സ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സ്‌ക്രീനിങ് ആന്‍ഡ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, അപേക്ഷകനും നോമിനിയും ഒപ്പിട്ട ഹജ്ജ് അപേക്ഷാ ഫോം, അനുബന്ധ രേഖകള്‍ എന്നിവ ഈ മാസം 15നുള്ളില്‍ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലോ കോഴിക്കോട് പുതിയറ റീജിയണല്‍ ഓഫീസിലോ സമര്‍പ്പിക്കണം.
നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും സമര്‍പ്പിക്കാത്തവരുടെ തെരഞ്ഞെടുപ്പ് റദ്ദാകുകയും പകരം കാത്തിരിപ്പു പട്ടികയിലുള്ളവരെ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുമായോ, മണ്ഡലം ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുമായോ ബന്ധപ്പെടണം. ഫോണ്‍- 0483 2710717. വെബ്‌സൈറ്റ്: https://hajcommittee.gov.in.