അനധികൃതമായി മക്കയിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സൗദി. ഹജ്ജ് വേളയിൽ ചട്ടങ്ങൾ ലംഘിച്ച് മക്കയിലേക്ക് പോകുന്നവർക്ക് യാത്രാ സൗകര്യം നല്കിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നല്കി. പിടിക്കപ്പെടുന്നത് വിദേശിയാണെങ്കിൽ നാടു കടത്തുകയും പിന്നീട് സൗദിയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും. 6 മാസം വരെ തടവും 50,000 റിയാൽ വരെ പിഴയുമാണ് ശിക്ഷ.
വാഹനത്തിലുള്ള നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യ കൂടും. കൂടാതെ വാഹനം കണ്ടുകെട്ടുകയും ചെയ്യും. പിടിക്കപ്പെടുന്നത് വിദേശിയാണെങ്കിൽ നാടുകടത്തുകയും പിന്നീട് സൗദിയിൽ പ്രവേശിക്കുന്നതിന് നിശ്ചിത കാലത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യും. ഹജ്ജിൻറെയും ഉംറയുടേയും ചട്ടങ്ങളും നിർദേശങ്ങളും പാലിക്കാൻ പൌരന്മാരോടും പ്രവാസികളോടും അധികൃതർ നിർദേശിച്ചു.
അതേസമയം വ്യാജ ഹജ്ജ് സർവീസ് സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവരെ വിവരം അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളിൽ 911 എന്ന നമ്പറിലും മറ്റ് ഭാഗങ്ങളിൽ ഉള്ളവർ 999 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.