ഇടുക്കി : ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും അച്ഛന്‍ തീവെച്ച് കൊല്ലാനുള്ള കാരണം ഇന്നലെ രാവിലെയുണ്ടായ വഴക്കെന്ന് പോലീസ്. ഹമീദും മകന്‍ മുഹമ്മദ് ഫൈസലും വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. പിന്നാലെ രാത്രി എത്തി ഹമീദ് കൃത്യം നടത്തുകയായിരുന്നു. മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാനായി അഞ്ച് കുപ്പി പെട്രോളുമായാണ് ഹമീദ് എത്തിയത്. രണ്ട് കുപ്പിയിലെ പെട്രോൾ വീടന് അകത്തേക്ക് ഒഴിച്ച് തീകൊളുത്തി. മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റാ, അസ്ന എന്നിവരാണ് ഫൈസലിന്‍റെ പിതാവിന്‍റെ ക്രൂരതയ്ക്ക് ഇരയായത്. കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതി കൃത്യം നടത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട് പുറത്തുനിന്ന് പൂട്ടുകയും വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളയുകയും ഇയാള്‍ ചെയ്തിരുന്നു. മക്കളുമായി കുറച്ച് കാലങ്ങളായി വഴക്കുണ്ടായിരുന്നെന്നും എന്നാല്‍ ഹമീദ് ഇത്തരമൊരു കൃത്യം ചെയ്യുമെന്ന് കരുതിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ സ്വത്ത് വീതം വെച്ച് നല്‍കിയിട്ടും തന്നെ നോക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഹമീദ് പോലീസിനോട് പറഞ്ഞു. സ്വത്തുക്കളെല്ലാം രണ്ട് ആൺമക്കൾക്ക് വീതിച്ച് നൽകിയിരിക്കുന്നു. തറവാട് വീടും അതിനോട് ചേർന്ന പറമ്പും മുഹമ്മദ് ഫൈസലിനാണ് നൽകിയിരുന്നത്. തന്നെ നോക്കിക്കൊള്ളാം എന്നും പറമ്പിലെ ആദായം എടുക്കാം എന്നതായിരുന്നു വ്യവസ്ഥ. എന്നാൽ മുഹമ്മദ് ഫൈസൽ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലി ആണ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതെന്നുമാണ് ഹമീദിന്‍റെ മൊഴി.
വീടിന് തീപിടിച്ചതറിഞ്ഞ മുഹമ്മദ് ഫൈസല്‍ തന്നെ വിവരം വിളിച്ചറിയിക്കുകയായിരുന്നെന്ന് ദൃക്സാക്ഷിയായ രാഹുല്‍ പറഞ്ഞു. വീടിന് തീപടര്‍ന്നെന്ന് ഫൈസല്‍ പറഞ്ഞതോടെ ഓടിയെത്തിയിരുന്നെന്നും എന്നാല്‍ വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ലെന്നും രാഹുല്‍ പറഞ്ഞു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. പ്രതി ഹമീദ് ഈ സമയത്ത് വീണ്ടും പെട്രോൾ ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു. ഹമീദിനെ തള്ളിമാറ്റിയാണ് തീയണയ്ക്കാന് ശ്രമിച്ചതെന്നും രാഹുല്‍ പറഞ്ഞു. തീപടര്‍ന്നതോടെ രക്ഷപ്പെെടാനായി ഫൈസലും കുടുംബവും ശുചിമുറിയില്‍ കയറി. തീയും പുകയും കാരണം ആരെയും രക്ഷിക്കാനായില്ലെന്നും രാഹുല്‍ പറഞ്ഞു.