ന്യൂഡൽഹി: കുത്തബ് മിനാർ പരിസരത്ത് ഹനുമാൻ ചാലിസ നടത്തുമെന്ന് ഒരു വിഭാഗം സംഘടനകൾ പ്രഖ്യാപിച്ചതോടെ സുരക്ഷ വർധിപ്പിച്ച് പൊലീസ്. യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് വർക്കിങ് പ്രസിഡന്റ് ജയ്ഭഗവാൻ ഗോയലിന്റെ നേതൃത്വത്തിലാണ് ഹനുമാൻ ചാലിസ സംഘടിപ്പിക്കുന്നത്. ഹനുമാൻ ചാലിസയിൽ പങ്കെടുക്കാൻ മറ്റു ഹിന്ദു സംഘടനകളോടും ഇവർ ആഹ്വാനം ചെയ്തിട്ടുണ്ട്.
കുത്തബ് മിനാറിലെ ഖ്വാത്തുൽ ഇസ്‌ലാം പള്ളിയിൽ പ്രാർഥന നടത്തുന്നതിന് ഈ സംഘം അനുമതി തേടിയിരുന്നു. പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന ഗണേശ വിഗ്രഹം നീക്കം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. 27 ഹിന്ദു, ജൈന ക്ഷേത്രങ്ങൾ തകർത്താണ് കുത്തബ് മിനാർ നിർമിച്ചതെന്നും ഇവർ പറയുന്നു.കുത്തബ് മിനാർ വളപ്പിൽ ഹിന്ദു – ജൈന പ്രതിഷ്ഠകൾ പുനഃസ്ഥാപിക്കണമെന്നും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി നേരത്തേ കോടതി തള്ളിയിരുന്നു. ഒരിക്കൽ സംരക്ഷിത സ്മാരകമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കേന്ദ്രങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നതു ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.