ഹൈദരാബാദ്∙ തെലങ്കാനയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മകനു സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ട് ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) മുതിർന്ന നേതാവും എംഎൽഎയുമായ മൈനാമ്പള്ളി ഹനുമന്ത റാവു. വിഡിയോ സന്ദേശത്തിലൂടെയാണ് പാർട്ടി വിട്ട കാര്യം ഹനുമന്ത റാവു അറിയിച്ചത്. ഏത് പാർട്ടിയിലാണു താൻ ചേരാൻ പോകുന്നതെന്നു ഉടൻ തന്നെ അറിയിക്കുമെന്നും എല്ലാ പിന്തുണകൾക്കും നന്ദി അറിയിക്കുന്നതായും വിഡിയോ സന്ദേശത്തിലുണ്ട്.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ പട്ടിക ബിആർഎസ് ഓഗസ്റ്റിൽ പുറത്തുവിട്ടിരുന്നു. മേദക് മണ്ഡലത്തിൽ സ്ഥാനാർഥിയായി മകൻ റോഹിത് റാവുവിനെ നിർത്തണമെന്നായിരുന്നു ഹനുമന്തയുടെ ആവശ്യം. എന്നാൽ പാർട്ടി മറ്റൊരാളെയാണു സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. പിന്നാലെ ബിആർഎസിനെ പരസ്യമായി വിമർശിച്ചു ഹനുമന്ത റാവു രംഗത്തെത്തി. മകനു സീറ്റുനൽകാത്തതിൽ ആരോഗ്യമന്ത്രി ടി. ഹരിഷ് റാവുവിനെ പരസ്യമായി വിമർശിക്കുകയും ചെയ്തു. മകനു സീറ്റ് നൽകിയാൽ മാത്രമേ താൻ സിറ്റിങ് സീറ്റിൽ നിന്നു മത്സരിക്കുവെന്നും ഹനുമന്ത വ്യക്തമാക്കിയിരുന്നു. പിന്നാലെയാണു പാർട്ടി വിടൽ. ഹനുമന്ത കോൺഗ്രസിൽ ചേരുമെന്നാണു സൂചന.