തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായ കുട്ടിയെ തിരിച്ചു കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ട്രെയിനിൽ നിന്ന് കുട്ടിയുടെ ചിത്രം പകർത്തിയ ബബിത. കുട്ടിയുടെ മുഖം സങ്കടത്തിലായിരുന്നു. കുട്ടി ഒറ്റയ്ക്കാണെന്ന് കരുതിയിരുന്നില്ല. പിണങ്ങി വന്നതാണെന്നും തോന്നിയില്ലെന്നും ബബിത മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ കണ്ടപ്പോൾ ഫോട്ടോയെടുക്കാൻ തോന്നി. ചുമ്മാ വെറുതെ എടുത്തുവെച്ചേക്കാമെന്നാണ് കരുതിയെന്നും ബബിത പറഞ്ഞു. കുട്ടിയ്ക്ക് വേണ്ടി തെരച്ചിൽ നടത്തുന്നത് അറിഞ്ഞില്ലായിരുന്നു. അന്ന് രാത്രി ഉറങ്ങിപ്പോയിരുന്നു. പിന്നീട് രാത്രി മൂന്നുമണിയ്ക്ക് എണീറ്റപ്പോഴാണ് വാർത്ത കണ്ടത്. അപ്പോഴാണ് കുട്ടിയുടെ ഫോട്ടോ പൊലീസിന് അയച്ചു നൽകിയത്. എല്ലാം പെട്ടെന്നായിരുന്നു. ഫോട്ടോ അയച്ചു കൊടുത്ത ഉടനെ നടപടികൾ വേഗത്തിലാക്കുകയായിരുന്നു പൊലീസ്. ഫോട്ടോ വഴിത്തിരിവായെന്നും പൊലീസ് നന്ദി പറഞ്ഞതായും ബബിത പ്രതികരിച്ചു.