ന്യൂഡൽഹി : ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ദ്രോഹിക്കുമ്പോഴാണ് സ്ത്രീകൾക്കെതിരായ അതിക്രമം കൂടുതൽ ഗുരുതരമാകുന്നതെന്ന് സുപ്രീംകോടതി. സ്ത്രീധന പരാതിയുമായി ബന്ധപ്പെട്ട് ഭർതൃമാതാവിന്റെ ശിക്ഷ ശരിവച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പ്രസ്താവന. എംആർ ഷാ, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. ഐപിസി 498A പ്രകാരം മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ച സ്ത്രീയുടെ അപ്പീലിന്മേൽ വിധി പറയുകയായിരുന്നു കോടതി. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ സംരക്ഷിക്കാതിരിക്കുമ്പോൾ ഇരയാക്കപ്പെടുന്നയാൾ കൂടുതൽ ദുർബലയാകാൻ ഇടവരുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് അതായത് മരുമകളോട് ക്രൂരമായി പെരുമാറി കുറ്റകൃത്യം ചെയ്യുമ്പോൾ അത് കൂടുതൽ ഗുരുതരമായ തെറ്റാകുന്നു. ആ സ്ത്രീ, അതായത് ഭർതൃമാതാവ് മരുമകളെ സംരക്ഷിക്കുന്നില്ലെങ്കിൽ മരുമകൾ കൂടുതൽ ദുർബലയായി തീരുന്നു- കോടതി പറഞ്ഞു.
പീഡനത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മാതാവാണ് മകളുടെ ഭർത്താവിനും ഭർതൃമാതാവിനും ഭർതൃസഹോദരിക്കും ഭർതൃപിതാവിനും എതിരെ പീഡന പരാതി സമർപ്പിച്ചത്. സ്വർണത്തിന്റെ പേരിൽ മകളെ നിരന്തര പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. ഇതുമൂലം മകൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും പരാതിയിൽ പറഞ്ഞിരുന്നു. ഭർത്താവ് വിദേശത്തായിരുന്നതിനാൽ ഭർതൃ കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്ന യുവതിയുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടത് അവരുടെ ഉത്തരവാദിത്തമായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ അപ്പീലുകാരോട് യാതൊരു ദയയും കാണിക്കേണ്ടതില്ലെന്നും മതിയായ ശിക്ഷ ഉറപ്പുവരുത്തണമെന്നും കോടതി പ്രസ്താവിച്ചു.
ഐപിസി 498A പ്രകാരം ഒരുവർഷം തടവും ആയിരം രൂപ പിഴയും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഐപിസി 306 പ്രകാരം രണ്ടായിരം രൂപ പിഴയും കോടതി വിധിച്ചു. എന്നാൽ അപ്പീൽ നൽകിയ ഭർതൃമാതാവിന്റെ പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവു വരുത്താനും കോടതി തയ്യാറായി. സംഭവം നടക്കുന്നത് 2006ലാണ്, നിലവിൽ അപ്പീലുകാരിയുടെ പ്രായം എൺപതാണ്. കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ശിക്ഷ ഒരുവർഷത്തിൽ നിന്ന് മൂന്നുമാസം കഠിനതടവും വിചാരണക്കോടതി ചുമത്തിയ പിഴയും നൽകണമെന്ന് കോടതി പ്രസ്താവിച്ചു.