കൊച്ചി : വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ ചങ്ങനാശേരി സ്വദേശിയായ യുവാവിന് മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ. എറണാകുളം സി ജെ എം കോടതിയുടെയാണ് വിധി. ശിക്ഷ കുറഞ്ഞെന്നാരോപിച്ച് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനോരുങ്ങുകയാണ് പരാതിക്കാരി. ‘പത്ത് വർഷമായി താൻ ഈ കേസിന് പുറകെയാണ്. എന്റെ ജീവിതം പോയി. ഈയൊരു കാരണം മൂലം തനിക്കിതുവരെ വിവാഹം കഴിക്കാനായില്ല. ഇതൊന്നും ആരും പരിഗണിക്കുന്നില്ലല്ലോ?’ എന്ന് പരാതിക്കാരി പറഞ്ഞു. ബെംഗലുരുവില്‍ മെഡിസിന് പഠിക്കുമ്പോഴാണ് സംഭവം. ചങ്ങനാശേരി സ്വദേശിയായ പ്രശാന്ത് സ്കറിയക്കെതിരെയാണ് പരാതി. ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും നഗ്ന ചിത്രങ്ങൾ പകർത്തിയെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. 2013ലാണ് സംഭവം നടന്നത്. വനിതാ ഡോക്ടറുടെ പരാതിയില്‍ ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കേസിൽ പിന്നീട് ക്രൈം ബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം പരിശോധിച്ച എറണാകുളം സി ജെ എം കോടതിയാണ് പ്രതി പ്രശാന്ത് സ്കറിയയെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചത്. ബലാൽത്സംഗ കുറ്റം തെളിഞ്ഞതിനാലാണ് ശിക്ഷ. തെളിവുകളുടെ അഭാവത്തില്‍ മറ്റ് പ്രതികളെ വെറുതെ വിട്ടു. എന്നാല്‍ ശിക്ഷ കുറഞ്ഞുപോയെന്നാണ് പരാതിക്കാരി പറയുന്നത്. വിധി പരിശോധിച്ച് ശിക്ഷ ഉയർത്തണം എന്നാവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് വനിതാ ഡോക്ടര്‍ വ്യക്തമാക്കി.