കൊച്ചി: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ പതിനാറുകാരിയോട് അതിക്രമം കാട്ടിയ കേസിൽ പിടിയിലാകാനുള്ള രണ്ട് പ്രതികളുടെ ഒളിത്താവളം തിരിച്ചറിഞ്ഞതായി സൂചന. രണ്ടും അഞ്ചും പ്രതികളായ സുരേശൻ, സുനിൽ എന്നിവരെയാണ് പിടികൂടാനുള്ളത്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം പറഞ്ഞു.
അറസ്റ്റിലായ മൂന്നുപേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നാം പ്രതി ചാലക്കുടി കുറ്റിക്കാട് പെരിയാടൻ ജോയി (52), മൂന്നാം പ്രതി മുരിങ്ങൂർ വടക്കുംമുറി ഇലഞ്ഞിക്കൽ സിജോ ആന്റോ (43), നാലാം പ്രതി ചാലക്കുടി വെസ്റ്റ് ഷാ റോഡ് ഓടത്ത് മാധവം വീട്ടിൽ സുരേഷ് (53) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. മദ്യപിച്ചല്ല യാത്ര ചെയ്തതെന്നാണ് പ്രതികളുടെ മൊഴി. മാത്രമല്ല, പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായിട്ടില്ലെന്നും കശപിശ മാത്രമായിരുന്നുവെന്നും ഇവർ മൊഴി നൽകി. പ്രതികളായ തങ്ങൾക്ക് പതിവായി ഒരുമിച്ച് യാത്ര ചെയ്തുള്ള പരിചയം മാത്രമേയുള്ളു. മറ്റ് രണ്ടുപേർ എവിടെയാണെന്ന് അറിയില്ലെന്നും ഇവർ വ്യക്തമാക്കിയെങ്കിലും അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടില്ല.
ഒളിവിലുള്ള പ്രതികളിലൊരാൾ മദ്യപിച്ചിരുന്നതായാണ് പെൺകുട്ടിയുടെ അച്ഛന്‍റെ ആരോപണം. സംഭവം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടതിനാൽ പ്രതി മദ്യപിച്ചിരുന്നോ എന്ന് പരിശോധനയിലൂടെ കണ്ടെത്തുക പ്രയാസമാണ്.ദിവസങ്ങൾക്ക് മുമ്പ് എറണാകുളത്തുനിന്ന് തൃശൂരിലേക്ക് ട്രെയിനിൽ വരുന്നതിനിടയിലാണ് പെൺകുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. പ്രതികള്‍ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തെന്നാണ് കേസ്. അതിക്രമം ചെറുത്ത മലപ്പുറം സ്വദേശി ഫാസിലിനും മർദനമേറ്റിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ തൃശൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എറണാകുളം സൗത്ത് റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു.