മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങിന്‍റെ അഭിപ്രായത്തിൽ വിരാട് ക്ലോഹിയോ, രോഹിത്ത് ശർമയോ, ബാബർ അസമോ അല്ല ലോകത്തിലെ ഒന്നാം നമ്പർ ബാറ്റർ. ഇംഗ്ലണ്ട് നായകനും രാജസ്ഥാൻ റോയൽസ് സ്റ്റാർ ഓപ്പണറുമായ ജോസ് ബട്ലറാണ് ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററെന്ന് ഹർഭജൻ പറയുന്നു.
ക്രീസിനെ അതിന്‍റെ പൂർണതയിൽ ഉപയോഗപ്പെടുത്താനും പേസിനും സ്പിന്നിനുമെതിരെ ഒരുപോലെ കളിക്കാനുമുള്ള താരത്തിന്‍റെ കഴിവ് ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും കൂടുതൽ അപകടകാരിയായ ബാറ്ററാക്കി, പ്രത്യേകിച്ച് ട്വന്‍റി20 ക്രിക്കറ്റിൽ മാറ്റുന്നുവെന്ന് ഹർഭജൻ അഭിപ്രായപ്പെട്ടു.
‘ജോസ് ബട്ലറെ പുകഴ്ത്താൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. അവൻ മികച്ച നിലവാരമുള്ള ബാറ്ററാണ്. അവൻ ക്രീസ് അതിന്‍റെ പൂർണതയിൽ ഉപയോഗിക്കുന്നു, സാങ്കേതിക തികവുള്ള താരമാണ്, പേസിനും സ്പിന്നിനുമെതിരെ മികച്ച നിലയിൽ കളിക്കാനാകും. എനിക്ക്, അവനാണ് ഒന്നാം നമ്പർ. നിലവിൽ ലോക ക്രിക്കറ്റിലെ ഒന്നാം ബാറ്റർ’ -ഹർഭജൻ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
പഞ്ചാബ് കിങ്സ് നായകൻ ശിഖർ ധവാനെ മുൻ താരം മുഹമ്മദ് കൈഫ് വാനോളം പുകഴ്ത്തി. ഐ.പി.എല്ലിന്‍റെ ഖലീഫ എന്നാണ് ധവാനെ വിശേഷിപ്പിച്ചത്. നിലവിലെ സീസണിൽ മാതൃകയാക്കാവുന്ന താരമാണ് ധവാനെന്നും ആദ്യത്തെ നാലു സ്ഥാനങ്ങളിൽ പഞ്ചാബ് എത്തുമെന്നും കൈഫ് അഭിപ്രായപ്പെട്ടു. ടീമിന് മികച്ച ബൗളിങ് നിരയുണ്ട്. അതുകൊണ്ടുതന്നെ ആദ്യ നാലു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നും കൈഫ് പറഞ്ഞു.