കണ്ണൂർ : ന്യൂമാഹി പുന്നോലില്‍ സിപിഎം പ്രവര്ത്തകന് ഹരിദാസ് വധക്കേസിൽ മൂന്നുപേർ കൂടി പിടിയിലായി. കൊലയാളി സംഘത്തിലെ പ്രജിത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് പിടിയിലായത്. എല്ലാവരും ബിജെപി പ്രവർത്തകരാണ്. കൊലപാതകം നടത്തിയത് ആറംഗ സംഘമാണെന്നും ഒന്നാം പ്രതിയും ബിജെപി കൗൺസിലറുമായ ലിജേഷും സംഘത്തിൽ ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു. മത്സ്യത്തൊഴിലാളിയായ ഹരിദാസിനെ വീട്ടുമുറ്റത്തുവച്ചാണു അക്രമി സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തൽ. ശരീരത്തിൽ 20ലധികം വെട്ടുകളുണ്ടായിരുന്നു. ഇടതുകാൽ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ഒന്നാം പ്രതി ലിജേഷിനെ കൂടാതെ അമൽ, സുനേഷ്, വിമിൻ എന്നിവരെയും കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.