വാട്ട്സാപ്പിന് പിന്നാലെ ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും അക്കൗണ്ടുകളിലെ കണ്ടന്റുകൾക്കെതിരെ മെറ്റ നടപടിയെടുത്തതായി റിപ്പോര്‌ട്ട്.
ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഇന്ത്യൻ ഉപയോക്താക്കളിൽ ചിലർ പോസ്റ്റ് ചെയ്ത കണ്ടന്റുകൾക്കെതിരെ മെറ്റ നടപടിയെടുത്തതായി സൂചന.2.29 കോടിയിലധികം കണ്ടന്റുകൾക്കെതിരെയാണ് നടപടി.
നവംബറിൽ കമ്പനി എടുത്ത നടപടിയെ കുറിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇന്ത്യയിലെ പ്രതിമാസ റിപ്പോർട്ടിലാണ് പറയുന്നത്. റിപ്പോർട്ടിലെ ഡേറ്റ അനുസരിച്ച് ഫേസ്ബുക്കിലെ 1.95 കോടിയിലധികവും ഇൻസ്റ്റാഗ്രാമിലെ 33.9 ലക്ഷം കണ്ടന്റുകൾക്കെതിരെയും കമ്പനി നടപടിയെടുത്തു. ഇതിൽ 1.49 കോടി പോസ്റ്റുകളും സ്‌പാമാണ്. നഗ്നതയും ലൈംഗികതയുമായി ബന്ധപ്പെട്ട 18 ലക്ഷം കണ്ടന്റുകളുമുണ്ട്. അക്രമം, മുറിവേൽപ്പിക്കലുമായി ബന്ധപ്പെട്ടുള്ള 12 ലക്ഷം പോസ്റ്റുകളും ഇത് കൂടാതെ കമ്പനി എടുത്തുകളഞ്ഞു. ഇൻസ്റ്റാഗ്രാമിൽ ആത്മഹത്യ, സ്വയം മുറിവേൽപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട 10 ലക്ഷം കണ്ടന്റുകളും, അക്രമാസക്തമായ 7.27 ലക്ഷം പോസ്റ്റുകളും എടുത്തുകളഞ്ഞു. കൂടാതെ 7.12 ലക്ഷം പോസ്റ്റുകൾ മുതിർന്നവരുടെ നഗ്നത, ലൈംഗിക കണ്ടന്റുകൾ എന്നിവയാണ് ഉള്ളത്. ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ട 4.84 ലക്ഷം പോസ്റ്റുകളും കമ്പനി മാറ്റിയിട്ടുണ്ട്. കമ്പനിയുടെ മാർഗനിർദേശം ലംഘിക്കുന്ന കണ്ടന്റുകൾക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ നിന്ന് 2021 ലെ ഐടി നിയമങ്ങൾ പ്രകാരം മെറ്റായ്ക്ക് ലഭിച്ചത് 2,368 പരാതികളാണ്. ഇതിൽ 939 എണ്ണം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ചുള്ളതാണ്. വ്യാജ പ്രൊഫൈൽ സംബന്ധിച്ച് 891ഉം ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഉപദ്രവിക്കൽ സംബന്ധിച്ച് 136 ഉം നഗ്നത, ഭാഗിക നഗ്നത അല്ലെങ്കിൽ ലൈംഗിക ചെയ്തികൾ സംബന്ധിച്ച് 94 പരാതികളുമാണ് ലഭിച്ചത്.
ഫേസ്ബുക്കിൽ നിന്ന് 889 പരാതികളാണ് ലഭിച്ചത്. ഇതിൽ 511 കേസുകളിൽ ഉപയോക്താക്കൾക്ക് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ടൂളുകൾ നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് പേജുകളിലേക്കുള്ള ആക്‌സസ് നഷ്‌ടമായതു സംബന്ധിച്ച എല്ലാ പരാതികളും കമ്പനി പരിഹരിച്ചു.
വ്യാജ പ്രൊഫൈലുകളുടെ സംബന്ധിച്ച 73 പരാതികൾ, ഹാക്ക് ചെയ്ത അക്കൗണ്ടുകളെക്കുറിച്ചുള്ള 40 പരാതികൾ, ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഉപദ്രവിക്കൽ തുടങ്ങിയ സംബന്ധിച്ച 29 കേസുകൾ, നഗ്നതയിലോ ഭാഗിക നഗ്നതയിലോ ലൈംഗികത എന്നിവയുമായി ബന്ധപ്പെട്ട 17 പരാതികളിൽ എന്നിങ്ങനെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.