ഗാന്ധിനഗർ: കോൺഗ്രസിനെ വിമർശിച്ച് ഗുജറാത്ത് വര്‍ക്കിങ് പ്രസിഡന്‍റ് ഹാര്‍ദിക് പട്ടേല്‍. ഹൈക്കമാന്‍റിനോട് പ്രശ്നങ്ങളില്ല. എന്നാല്‍ സംസ്ഥാന നേതൃത്വം അവഗണിക്കുകയാണ്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനു സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നത്. അവസരങ്ങൾ തിരഞ്ഞെടുക്കാനുള്ള സാഹചര്യം ഇപ്പോഴും ഉണ്ട്. തനിക്ക് ഭാവി നോക്കണമെന്നും ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു
‘പ്രതിപക്ഷം ജനങ്ങളുടെ ശബ്ദമുയർത്തണം. ഇക്കാര്യത്തിൽ കോൺഗ്രസ് പിന്നിലാണ്. മുപ്പതു വർഷമായി ഗുജറാത്തിൽ കോൺഗ്രസിന് അധികാരത്തിലെത്താനായിട്ടില്ല. ധാരാളം പാർട്ടി നേതാക്കളും അഭിപ്രായങ്ങളുമുണ്ട്. കുറേ നേതാക്കളുണ്ടാകുന്നത് കാര്യങ്ങൾ വേഗത്തിൽ ചെയ്യാൻ സഹായകമാകും. എന്നാൽ ഇത് തീരുമാനമെടുക്കാനുള്ള പാർട്ടിയുടെ ശേഷിയെ തളർത്തി. തീരുമാനമെടുക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ കഴിവ് അപാരമാണ്. അതുകൊണ്ട് കോൺഗ്രസിന് നഷ്ടവും ബിജെപിക്ക് നേട്ടവുമുണ്ടാകുന്നു’ – ഹാര്‍ദിക് പറഞ്ഞു.
തിരഞ്ഞെടുപ്പ്‍ അടുത്തിരിക്കുന്ന ഗുജറാത്തിൽ പട്ടേല്‍ സമുദായത്തില്‍ സ്വാധീനമുള്ള നരേഷ് പട്ടേലിനെ പാർട്ടിയിൽ എത്തിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കവെയാണ് ഹാർദിക് പട്ടേലിന്റെ വിമർശനം. പാർട്ടി സംസ്ഥാന നേതൃത്വവുമായി ഹാർദിക് ഇടഞ്ഞതായുള്ള വാർത്തകൾ മുന്‍പ് പുറത്തുവന്നിരുന്നു. വർക്കിങ് പ്രസിഡന്റായി തുടരുമ്പോഴും പാർട്ടി കാര്യങ്ങൾ അറിയിക്കുന്നില്ല എന്നതായിരുന്നു പട്ടേൽ സമുദായ നേതാവിന്റെ പരാതി. നരേഷ് പട്ടേലിനെ കോൺഗ്രസിലേക്കു കൊണ്ടുവരാൻ പ്രശാന്ത് കിഷോർ നടത്തുന്ന നീക്കങ്ങളിൽ ഹാർദികിന് അതൃപ്തിയുണ്ട്. ഇതിനിടെ ഹാര്‍ദിക് ബിജെപിയിലേക്കു പോകുമെന്ന അഭ്യൂഹം ശക്തമായി. നേരത്തെ ആം ആദ്മി പാര്‍ട്ടി ഹാര്‍ദിക്കിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. തുടർച്ചയായി അധികാരത്തിലിരിക്കുന്ന ബിജെപിക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനുള്ള ആലോചനയാണ് കോൺഗ്രസിൽ സജീവമായി നടക്കുന്നത്.