ദില്ലി : രാജ്യത്തെ മുൻനിര വ്യവസായികളായ മുകേഷ് അംബാനിയെയും ഗൗതം അദാനിയെയും കോൺഗ്രസ് നിരന്തരം അധിക്ഷേപിക്കുകയാണെന്ന് പാർട്ടി വിട്ട ഹാർദിക് പട്ടേൽ ആരോപിച്ചു. അംബാനിയും അദാനിയും കഠിനാധ്വാനത്തിലൂടെയാണ് മുന്നേറിയതെന്നും പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിൽ നിന്നായതുകൊണ്ടുമാത്രം അവരെ ലക്ഷ്യമിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ബിസിനസുകാരൻ ഉയരുന്നത് സ്വന്തം അധ്വാനം കൊണ്ടാണ്. നിങ്ങൾക്ക് അദാനിയെയോ അംബാനിയെയോ എപ്പോഴും അധിക്ഷേപിക്കാൻ കഴിയില്ല. പ്രധാനമന്ത്രി ഗുജറാത്തിൽ നിന്നുള്ളയാളാണെങ്കിൽ, അംബാനിയോടും അദാനിയോടും എന്തിനാണ് നിങ്ങളുടെ ദേഷ്യം? ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള വഴി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. കോൺഗ്രസിൽ ചേർന്നതിലൂടെ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മൂന്ന് വർഷം പാഴാക്കി. താൻ പാർട്ടിയിൽ ഇല്ലായിരുന്നുവെങ്കിൽ ഗുജറാത്തിനായി കൂടുതൽ നന്നായി പ്രവർത്തിക്കാമായിരുന്നുവെന്നും ഹർദിക് പട്ടേൽ പറഞ്ഞു.
കോൺഗ്രസിലായിരുന്നപ്പോൾ എനിക്ക് ഒരിക്കലും പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടില്ല. കോൺഗ്രസ് എന്നെ ഒരു ചുമതലയും എൽപ്പിച്ചില്ലെന്നും പട്ടേൽ കൂട്ടിച്ചേർത്തു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് ഹർദിക് പട്ടേൽ പാർട്ടി വിട്ടത്. ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ദില്ലിയിലെ നേതാക്കൾക്ക് ചിക്കൻ സാൻഡ്വിച്ച് നൽകുന്നതിൽ മാത്രമാണ് ശ്രദ്ധയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, ഹർദിക് പട്ടേൽ അവസരവാദിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പോലീസ് കേസുകൾ പിൻവലിക്കാൻ ആറ് വർഷമായി പട്ടേലിന് ബിജെപിയുമായി ബന്ധമുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.